ചെന്നൈ: തമിഴ്നാട്ടിലെ ആവഡിയിൽനിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരള അതിർത്തികളിലേക്കു നീണ്ടേക്കും. തിരുവള്ളൂരിൽനിന്ന് ആനക്കൊമ്പുകൾ കാറിൽ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു വനംവകുപ്പു പ്രത്യേക പരിശോധന നടത്തിയിരുന്നു.
ഇതിനിടെ, തിരുനിൻട്രവൂർ ഭാഗത്തേക്കു നിർത്താതെ പോയ കാറിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്നു. ഗോമതിപുരം സ്കൂളിനു സമീപത്തെ ഇടുങ്ങിയ റോഡിൽ അമിതവേഗത്തിലെത്തിയ കാർ കാൽനട യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. തുടർന്നു കാറിലുണ്ടായിരുന്നവർ കടന്നുകളഞ്ഞു.
ഉദ്യോഗസ്ഥർ കാർ പരിശോധിച്ചപ്പോഴാണ് 3 ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ കാർ ഉടമയായ ഇഞ്ചമ്പാക്കം സ്വദേശി ഉദയകുമാർ പിടിയിലായി. ഇയാളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്.