ചാവക്കാട്: പാലയൂര്‍ സെൻ്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ ക്രിസ്മസ് കരോൾ ക്രിസ്മസ് കരോള്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. ജനുവരി 15-നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ക്രിസ്മസ് കരോൾ തടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തി ഗൂഢാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ് നൽകിയ പരാതിയിലാണ് നടപടി. ക്രിസ്മസ് തലേന്ന് രാത്രി 9.30നാണ് പാലയൂർ സെൻ്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ ക്രിസ്മസ് കരോൾ പാടുന്നത് ചാവക്കാട് എസ്.ഐ വിജിത്ത് കെ വിജയൻ വിലക്കിയത്. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്നു പറഞ്ഞായിരുന്നു പോലീസ് കരോൾ ഗാനം തടഞ്ഞത്. പള്ളിമുറ്റത്ത് കൊടിമരത്തിന് സമീപം ചെറിയ വേദിയൊരുക്കി അതിന് മുകളിലാണ് കരോൾ പാടാൻ തയ്യാറാക്കിയിരുന്നത്. എന്നാൽ കരോൾ പാടിയാൽ നക്ഷത്രങ്ങളും മറ്റും തൂക്കിയെടുത്ത് എറിയുമെന്ന് എസ്.ഐ വിജിത്ത് കെ വിജയൻ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചിരുന്നു. കരോൾ പാടാൻ വേദി ഒരുക്കിയത് പള്ളിയങ്കണത്തിലായതിനാലാണ് മൈക്ക് അനുമതി തേടാതിരുന്നതെന്നാണ് ട്രസ്റ്റി അംഗങ്ങൾ പറഞ്ഞത്. സംഭവം വിവാദമായതോടെ പ്രതിഷേധവുമായി വിശ്വാസികളും എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ എൻ.കെ അക്ബറും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു. ഒടുവിൽ ചാവക്കാട് എസ്.ഐ വിജിത്തിനെ പേരാമംഗലം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.