വാഷിങ്ടൺ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജേഴ്സിയിലായിരുന്നു അന്ത്യം. പദ്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഹരിയാണയിലെ ഹിസാറിൽ 1930-ലാണ് അദ്ദേഹത്തിന്റെ ജനനം. അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോത്തി റാമിൽനിന്നാണ് സംഗീത പഠനം തുടങ്ങിയത്. അപൂർവ ശബ്ദ സൗകുമാര്യത്തിന് ഉടമയായിരുന്ന അദ്ദേഹം ബാബ ശ്യാം മനോഹർ ഗോസ്വാമി മഹാരാജാവിന്റെ ശിക്ഷണത്തിൽ ഹവേലി സംഗീതത്തിൽ ഗവേഷണം നടത്തി. ജുഗൽബന്ദി സംഗീതത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
സംഗീത നാടക അക്കാദമി അവാർഡ്, സംഗീത കലാരത്ന, മാസ്റ്റർ ദീനാഘോഷ് മംഗേഷ്കർ പുരസ്കാരം, സ്വാതി സംഗീത പുരസ്കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാർവാർ സംഗീത് രത്ന അവാർഡ്, ഭാരത് മുനി സമ്മാൻ എന്നിവയും ലഭിച്ചിട്ടുണ്ട്.
പഞ്ചാബിലെ ഹിസാറിലാണ് ജസ്രാജ് ജനിച്ചതെങ്കിലും പിതാവ് ഹൈദരാബാദിലെ നൈസാം രാജാവിന്റെ കൊട്ടാരം ഗായകനായിരുന്നതിനാൽ അവിടെയാണ് വളർന്നത്. തുടക്കത്തിൽ മണിറാമിന്റെ കീഴിൽ തബല വായിക്കാൻ പഠിച്ച ജസ്രാജ് പെട്ടെന്ന് ഒരുനാൾ വായ്പ്പാട്ട് പഠനത്തിലേക്ക് തിരിയുകയായിരുന്നു.
ജസ്രംഗി എന്ന പേരിൽ ഒരു ജുഗൽബന്തി ശൈലിതന്നെ ജസ്രാജ് ആവിഷ്കരിച്ചിട്ടുണ്ട്. ഒരു ഗായകനും ഒരു ഗായികയും ഒരേ സമയം രണ്ട് രാഗങ്ങൾ ആലപിക്കുന്ന രീതിയാണിത്. കേരളത്തിലെ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ് രമേശ് നാരായണൻ, ജസ്രാജിന്റെ പ്രമുഖ ശിഷ്യനാണ്. ചില സിനിമകൾക്കുവേണ്ടിയും ജസ്രാജ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദി സിനിമാരംഗത്തെ പ്രശസ്തസംവിധായകൻ വി. ശാന്താറാമിന്റെ മകൾ മാധുരയാണ് ജസ്രാജിന്റെ പത്നി. മക്കൾ: ശാരംഗദേവ് പണ്ഡിറ്റ്, ദുർഗ.