ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ ഇടവകയിലെ സന്യസ്ഥരുടെ സംഗമം നടന്നു. തിരുപ്പട്ട സ്വീകരണ ചടങ്ങിന്റെ ഭാഗമായി കോട്ടപ്പടി സെന്ററിൽ നിന്നും ബിഷപ്പ് മാർ. ആൻഡ്രൂസ് താഴത്തിനെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് ആനയിച്ചു. ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ വികാരി.റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ, അസി.വികാരി എഡ്വിൻ ഐനിക്കൽ, മാതൃവേദി അംഗങ്ങൾ ട്രസ്റ്റിമാർ,വിവിധ കമ്മിറ്റി കൺവീനർമാർ, ഇടവക അംഗങ്ങൾ, എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ദേവാലയത്തിൽ തിരുപ്പട്ട ശുശ്രൂഷകൾ നടന്നു. പനക്കൽ ബേബി – ഗ്രേസി ദമ്പതികളുടെ മകൻ ഷെബിൻ, ചൊവ്വല്ലൂർ യോഹന്നാൻ – റീന ദമ്പതികളുടെ മകൻ ജെയ്സൺ, ചിറയത്ത് വിൻസന്റ് – ബീന ദമ്പതികളുടെ മകൻ
വിബിന്റോ എന്നിവരാണ് തിരുപ്പട്ടം സ്വീകരിച്ചത്. തുടർന്ന് മൂവരും ഒരുമിച്ച് പ്രഥമ ദിവ്യബലി അർപ്പിച്ചു. ദേവാലയ ഓഡിറ്റോറിയത്തിൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ വി.കെ ബാബു, കെ.പി പോളി, സെബി താണിക്കൽ, സി.കെ ഡേവിസ്, വിവിധ കമ്മിറ്റി കൺവീനർമാർ, പി.ആർ.ഒ ജോബ് സി ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി. ജനുവരി 5 ന് വൈകിട്ട് 7 മണിക്ക് നവ വൈദികർക്ക് സ്വീകരണവും തുടർന്ന് ശിവജി ഗുരുവായൂർ അവതരിപ്പിക്കുന്ന ‘മത്തായിയുടെ മരണം’ എന്ന നാടകവും അരങ്ങേറും.