ചാവക്കാട്: ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി തേടിയില്ലെന്നുപറഞ്ഞ് പാലയൂർ സെയന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ ക്രിസ്‌മസ് കരോൾ പാടുന്നത് എസ്.ഐ തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പള്ളി അധികൃതർ പരാതി നൽകി. തീർഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ. ഡേവീസ് കണ്ണമ്പുഴയാണ് പരാതി നൽകിയത്. ആരോപണവിധേയനായ ചാവക്കാട് എസ്.ഐ വിജിത്ത് കെ വിജയനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പള്ളി കോമ്പൗണ്ടിൽ നടന്ന കരോൾ ഗാനാലാപനമാണ് ചാവക്കാട് എസ്.ഐ വിജിത്ത് കെ വിജയൻ തടഞ്ഞത്. സംഭവം വിവാദമായതോടെ എൻ.കെ അക്ബർ എം.എൽ.എയും സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, ഐ.എൻ.എൽ, കേരള കോൺഗ്രസ് എം, ആർ.ജെ.ഡി തുടങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടികളും എസ്.ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കൂടാതെ പാലയൂർ ഫൊറേനയുടെ നേതൃത്വത്തിൽ വിശ്വാസികൾ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു.