മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഫോളോ ഓണ്‍ ഒഴിവാക്കി ഇന്ത്യ. മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. വാഷിങ്ടണ്‍ സുന്ദറും(40) അര്‍ധസെഞ്ചുറി തികച്ച നിതീഷ് കുമാര്‍ റെഡ്ഡിയുമാണ്(85) ക്രീസില്‍. നിലവില്‍ ഇന്ത്യ 148 റണ്‍സിന് പിന്നിലാണ്.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യം ഋഷഭ് പന്തിന്റെ വിക്കറ്റാണ് നഷ്ടമായത്. 28 റണ്‍സെടുത്ത പന്തിനെ ബോളണ്ട് പുറത്താക്കി. 17 റണ്‍സെടുത്ത ജഡേജയെ ലിയോണും കൂടാരം കയറ്റിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. 221-7 എന്ന നിലയിലേക്ക് വീണു. എന്നാല്‍ പിന്നീട് ക്രീസിലൊന്നിച്ച നിതീഷ് കുമാറും വാഷിങ്ടണ്‍ സുന്ദറും ടീമിനെ മുന്നൂറ് കടത്തി.
നാലാം ടെസ്റ്റിന്റെ രണ്ടാംദിനം കളിനിർത്തുമ്പോൾ ഇന്ത്യ അഞ്ചിന് 164 റൺസെന്ന നിലയിലായിരുന്നു. നേരത്തേ ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് 474 റൺസിന് അവസാനിച്ചു. ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ നായകൻ രോഹിത് ശർമ (മൂന്ന്) കമിൻസിന് വിക്കറ്റ് സമ്മാനിച്ച് വേഗം മടങ്ങി. രണ്ടാം വിക്കറ്റിൽ കെ.എൽ. രാഹുലുമൊത്ത് (24) ജയ്‌സ്വാൾ 43 റൺസിന്റെയും മൂന്നാം വിക്കറ്റിൽ വിരാട് കോലിക്കൊപ്പം (36) 102 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ മികച്ചസ്‌കോറിലേക്ക് നയിക്കുമെന്ന പ്രതീക്ഷയുയർത്തിയപ്പോഴാണ് റണ്ണൗട്ടായത്. കോലിയുമായുള്ള ധാരണപ്പിശകാണ് ജയ്‌സ്വാളിന്റെ റണ്ണൗട്ടിൽ കലാശിച്ചത്. തൊട്ടുപിന്നാലെ കോലിയും നൈറ്റ് വാച്ച്മാൻ ആകാശ്ദീപും മടങ്ങി.