ഗുരുവായൂർ: വാദ്യ പ്രേമികളുടെ മനം കവർന്ന് പ്രതിഭ വിലാസം തെളിയിച്ച് കുരുന്നുകളുടെ പഞ്ചാരിമേളം. മണ്ഡല കാല സമാപന ദിനത്തിൽ ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ചെറുതാലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് പഞ്ചാരിമേളം അരങ്ങേറി. ഗുരുവായൂർ മഞ്ജുളാൽത്തറ മേളപ്രമാണി വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിന്റെ പ്രാമാണിത്വത്തിൽ ഒരു വീട്ടമ്മയും 17 കുരുന്നുകളും ചേർന്ന് ഒരുക്കിയ പഞ്ചാരിമേളം വാദ്യ വിസ്മയം തീർത്തു.
തിരുവെങ്കിടം ക്ഷേത്ര മതിൽക്കകത്ത് ഭഗവതിയുടെ തിരുമുന്നിൽ തിങ്ങി നിറഞ്ഞ വാദ്യ പ്രേമികൾക്ക് മുന്നിൽ ക്ഷേത്ര സമിതി പ്രസിഡണ്ട് ശശി വാറണാട് നിലവിളക്ക് കൊളുത്തിയതോടെ മേളം ആരംഭിച്ചു. ഗുരുവായൂർ ജയപ്രകാശിന്റെ പ്രമാണത്തിൽ പാറമേക്കാവ് ശരത് വലന്തലയിലും ശ്രീനാഥ് ആനായ്ക്കൽ കുറുംകുഴലിലും ഗുരുവായൂർ സഞ്ജയ് ഇലതാളത്തിലും കൊമ്പിൽ വരവൂർ അപ്പു എന്നിവരും താളപെരുക്കത്തിൽ ഒന്നരമണിക്കൂറോളം കൊട്ടി കയറി. ദീപാരാധനയ്ക്ക് ശേഷം ഒരുക്കിയ ലക്ഷദീപം, മണ്ഡല കാല 41 ദിനങ്ങൾ നീണ്ട് നിന്ന് സമാപനം കുറിച്ച വിശേഷാൽ വെള്ളരി പൂജ, പാൽകിണ്ടി എഴുന്നെള്ളിപ്പ്, ഗുരുതി, പൊങ്ങിലിടി തുടങ്ങിയവയും ആഘോഷത്തിന് മാറ്റുകൂട്ടി. പ്രഭാതത്തിൽ ക്ഷേത്രത്തിൽ മഹാ ദേശപൊങ്കാലയും ഉണ്ടായി. ബാലൻ വാറണാട്ട്, പി രാഘവൻ നായർ, എ വിനോദ്കുമാർ, വിജയകുമാർ അകമ്പടി, അനിരുദ്ധ് കള്ളിവളപ്പിൽ, കൃഷ്ണപ്രസാദ് മനയത്ത് എന്നിവർ നേതൃത്വം നൽകി.