Thursday, January 23, 2025

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ മരണം രാത്രി 9.59 നാണ് സ്ഥിരീകരിച്ചത്. രണ്ടുതവണയാണ് മന്‍മോഹന്‍സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചത്. 2004 മെയ് 22നാണ് ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ് അധികാരമേറ്റത്. രണ്ടാമത് അധികാരമേറ്റത് 2009 മെയ് 22നും.

അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയില്‍ പെട്ട ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിംങ്ങിന്റെ ജനനം. 1948ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പഠിച്ച് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഓക്സ്ഫഡ് സര്‍വകലാശാലയിലെ നഫില്‍ഡ് കോളജില്‍ ചേര്‍ന്ന് 1962ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കി.

പഞ്ചാബ് സര്‍വകലാശാലയിലും പ്രമുഖ ഉന്നതപഠന കേന്ദ്രമായ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലും അധ്യാപകനായി പ്രവര്‍ത്തിച്ചപ്പോഴുള്ള മെച്ചപ്പെട്ട പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്തു ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തില്‍ കുറച്ചു കാലം യു.എന്‍.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചു. ഇത് 1987നും 1990നും ഇടയില്‍ ജനീവയിലെ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്താനുള്ള വഴിയൊരുക്കി.

1971ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി ചേര്‍ന്നു. അടുത്ത വര്‍ഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. പല പ്രധാന പദവികളും ഡോ. സിംങ്ങിനെ തേടിയെത്തി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവെന്നു വിളിക്കാവുന്ന 1991-96 കാലഘട്ടത്തില്‍ ഡോ. സിംങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ഇപ്പോള്‍ ലോകം അംഗീകരിച്ചുകഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ഡോ. മന്‍മോഹന്‍ സിംങ്ങിന്റെ വ്യക്തിത്വം വിഷയമാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments