തൃശൂര്‍: ബിഷപ്പുമാർക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആഘോഷത്തെ പരോക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മിലിത്തിയോസ്.
‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നു. ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ’- എന്നും യൂഹാനോൻ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ക്രിസ്മസ് വിരുന്ന് ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നാടകമെന്ന് യൂഹാനോൻ മിലിത്തിയോസ് സ്വകാര്യ മലയാള ടി.വി ചാനലിനോട് പറഞ്ഞു.
‘ഒരു ഭാഗത്ത് പ്രധാനമന്ത്രി ക്രൈസ്തവ സമൂഹത്തെ ചേർത്തുനിർത്തുന്നതായി കാണിക്കാൻ ശ്രമിക്കുന്നു. മറുവശത്ത് ആർഎസ്എസിന്റെ സംഘടനകൾ പുൽക്കൂടും അലങ്കാരങ്ങളും നശിപ്പിക്കാൻ ശ്രമിക്കുന്നു. വലിയ പ്രതിഷേധം ഉണ്ടാവാതിരിക്കാനാണ് സഭാ നേതാക്കളെ താൽക്കാലികമായി പ്രീതിപ്പെടുത്തുന്നതെന്നും’- യൂഹാനോൻ മിലിത്തിയോസ് പറഞ്ഞു.