തൃശ്ശൂര്‍: അതിരപ്പിള്ളി പോലീസ് സ്റ്റേഷന് സമീപം വീണ്ടും കാട്ടാനയെത്തി. ഏഴാറ്റുമുഖം ഗണപതിയെന്ന ഒറ്റയാനാണ് വീണ്ടും പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ട്രൈബല്‍ ഹോസ്റ്റലിലെ കവുങ്ങുകളും തെങ്ങുകളും ആന നശിപ്പിച്ചു.
കഴിഞ്ഞ ആഴ്ചയിലും ഈ ആന ഇതേസ്ഥലത്ത് എത്തിയിരുന്നു. സ്റ്റേഷനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങും പനയുമായിരുന്നു കാട്ടാനയുടെ ലക്ഷ്യം. അന്ന് പോലീസ് സ്‌റ്റേഷന്റെ പരിസരത്ത് എത്തിയ ആന തെങ്ങില്‍ നിന്ന് പട്ടയും ഇളനീരും അടര്‍ത്തി തിന്നശേഷമാണ് മടങ്ങിയത്. എന്നാല്‍ സ്റ്റേഷന്‍ സന്ദര്‍ശനം പതിവാക്കിയതോടെ സമീപവാസികള്‍ കുരുക്കിലായി. തൊട്ടടുത്തുണ്ടായിരുന്ന വാഴയടക്കമുള്ള വിളകള്‍ നശിപ്പിച്ച ആന നാട്ടുകാരിലൊരാളെ ഓടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.