വരും വര്‍ഷത്തെ വാട്‌സാപ്പ് അനുഭവം രസകരമാക്കാന്‍ പുതിയ ഒട്ടേറെ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് മെറ്റ. ആകര്‍ഷകമായ പുതിയ കോളിങ് ഇഫക്ടുകളാണ് അതിലൊന്ന്. പുതുവര്‍ഷത്തിന്റെ വരവോടനുബന്ധിച്ച് ന്യൂഇയര്‍ തീമിലാണ് പുതിയ വീഡിയോ കോള്‍ ഇഫക്ടുകള്‍. എന്നാല്‍ ഈ ന്യൂ ഇയര്‍ തീം കോള്‍ ഇഫക്ടുകള്‍ പരിമിതകാലത്തേക്ക് മാത്രമേ കിട്ടൂ. ഇതിന് പുറമെ ആഘോഷം കൊഴുപ്പിക്കാന്‍ പുതിയ ആനിമേഷനുകളും സ്റ്റിക്കര്‍ പാക്കുകളും വാട്‌സാപ്പ് അവതരിപ്പിച്ചു.
പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ആഘോഷത്തിമിര്‍പ്പില്‍ വീഡിയോകോളുകള്‍ കൂടുതല്‍ വര്‍ണാഭമാക്കുകയാണ് വാട്‌സാപ്പിന്റെ പുതിയ ന്യൂ ഇയര്‍ തീമുകള്‍. കൂടാതെ സന്ദേശങ്ങള്‍ക്ക് ചില പാര്‍ട്ടി ഇമോജികള്‍ ഉപയോഗിക്കുമ്പോള്‍ കോണ്‍ഫെറ്റി ആനിമേഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. ന്യൂ ഇയര്‍ ഇവ് എന്ന പേരില്‍ പുതിയ സ്റ്റിക്കര്‍ പാക്കും അവതാര്‍ സ്റ്റിക്കറുകളും വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
പപ്പി ഇയര്‍, അണ്ടര്‍വാട്ടര്‍, കരോക്കെ മൈക്രോഫോണ്‍ എന്നിങ്ങനെയുള്ള വീഡിയോകോള്‍ തീമുകള്‍ കഴിഞ്ഞയാഴ്ച വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു.
ചാറ്റുകള്‍ കൂടുതല്‍ സജീവമാക്കാന്‍ ടൈപ്പിങ് ഇന്‍ഡിക്കേറ്ററുകള്‍ അടുത്തിടെയാണ് വാട്‌സാപ്പ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ഗ്രൂപ്പ് ചാറ്റുകളിലെ പ്രൊഫൈല്‍ ചിത്രത്തിനൊപ്പവും ആരാണ് ടൈപ്പ് ചെയ്യുന്നത് എന്നതിന്റെ ഇന്‍ഡിക്കേറ്ററുകള്‍ പ്രദര്‍ശിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്. ശബ്ദ സന്ദേശങ്ങള്‍ ടെക്സ്റ്റ് ആയി കാണാനാവുന്ന വോയ്‌സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റും മറ്റൊരു പുതിയ ഫീച്ചറാണ്.