പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് എട്ടാംവാർഡ് കുരഞ്ഞിയൂരിൽ തോട്ടിൽ മലിനജലം ഒഴുകുന്നതിൽ പ്രദേശവാസികൾക്ക് ആശങ്ക. കുട്ടാടൻ പാടശേഖരത്തെ ബന്ധിപ്പിക്കുന്ന തച്ചനഴിയിൽ തോട്ടിലാണ് മലിനജലം കെട്ടിക്കിടക്കുന്നത്. തോട്ടിലെ വെള്ളം കറുത്ത നിറത്തിലാകുള്ളത്. രൂക്ഷമായ ദുർഗന്ധവും വെള്ളത്തിന് മുകളിൽ പാടകെട്ടിയപോലെ ലായിനിയുമുണ്ട്. വർഷങ്ങൾക്ക് മുൻപ് പൂട്ടിയ അച്ചാർ കമ്പനിയുടെ പരിസരത്താണ് തോടുള്ളത്. ഇവിടെ ടൺ കണക്കിന് മാലിന്യങ്ങളുമുണ്ട്. വർഷങ്ങളോളം പഴകിയ മാലിന്യങ്ങളും രാസവസ്തുകളും ടാങ്കുകളിലാക്കിയാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. 300-ൽ അധികം ടാങ്കുകൾ ഇവിടെ ഉണ്ട്. മിക്ക ടാങ്കുകളും അടച്ച് സീൽ ചെയ്തിട്ടുണ്ടെങ്കിലും ഇടയ്ക്ക് ഇവ തുറന്ന് പുറത്തേക്ക് ഒഴുക്കുന്നുവെന്നാണ് സംശയം . അച്ചാർ കമ്പനിയിലെ മാലിന്യം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഉടനെ നീക്കം ചെയ്യണമെന്നും മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് ഇറക്കിയിരുന്നു. 2016-ൽ ആരംഭിച്ച കമ്പനി ജപ്തി നടപടിക്ക് വിധേയമായാണ് അടച്ചത്. സർഫാസി ആക്ട് പ്രകാരം എസ്.ബി.ഐ. ആണ് സ്ഥാപനം ജപ്തി ചെയ്തിട്ടുള്ളത്.
ഇവിടെ സൂക്ഷിച്ചിട്ടുള്ള മാലിന്യം നിർവീര്യമാക്കണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടത്. മാലിന്യം നീക്കം ചെയ്യാത്തതിനെ തുടർന്ന് പ്രദേശവാസികൾ മനുഷ്യാവകാശ കമ്മിഷനെ വീണ്ടും കണ്ടിരുന്നു. ശ്വാസതടസ്സം, ചൊറിച്ചിൽ, തലകറക്കം, ത്വഗ് രോഗങ്ങൾ എന്നിവ കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും നാട്ടുകാർ പരാതി പറഞ്ഞു. ഇതേ തുടർന്ന് കമ്മിഷൻ അംഗമായിരുന്ന വി.കെ. ബീനാകുമാരി അച്ചാർ കമ്പനി സന്ദർശിക്കുകയും മാലിന്യം എത്രയും വേഗം നിർവീര്യമാക്കണമെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു.