Thursday, December 19, 2024

ഹെല്‍ത്ത് സബ് സെന്‍ററുകളുടെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കണം: എന്‍.കെ അക്ബര്‍ എം.എല്‍.എ 

ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലത്തില്‍ ഹെല്‍ത്ത് ഗ്രാന്‍റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഹെല്‍ത്ത് സബ് സെന്‍ററുകളുടെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എ. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് താലൂക്ക് ആശുപത്രി, സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ , പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സബ് സെന്‍ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ചാവക്കാട് താലൂക്കാശുപത്രിയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി പഴയ കെട്ടിടങ്ങളുടെ പൊളിച്ച് മാറ്റല്‍ നടപടി പൂര്‍ത്തീകരിച്ചതായും നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചതായും താലൂക്ക് ആശുപത്രി സൂപ്രണ്ട് യോഗത്തെ അറിയിച്ചു.  കടപ്പുറം ഗ്രാമപഞ്ചായത്ത്, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത്, പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഹെല്‍ത്ത് ഗ്രാന്‍റ് ഉപയോഗിച്ചുള്ള സബ് സെന്‍ററുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ യോഗത്തെ അറിയിച്ചു. വടക്കേക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ 45 ലക്ഷം രൂപ ഉപയോഗിച്ചുള്ള കെട്ടിട പൂര്‍ത്തീകരണ നടപടികള്‍ ആരംഭിച്ചിട്ടുള്ളതായും ജനുവരിമാസത്തോടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് പുതിയ കെട്ടിടം തുറന്ന് കൊടുക്കാനാകുമെന്നും വടക്കേക്കാട് സി.എച്ച്.സി സൂപ്രണ്ട് പറഞ്ഞു. കടപ്പുറം ഐസോലേഷന്‍ വാര്‍ഡില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനായുള്ള തുക അടിയന്തിരമായി കെ.എസ്.ഇ.ബിക്ക് അടക്കുന്നതിന് കടപ്പുറം സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ടിന് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഈ മാസം തന്നെ ഐസോലേഷന്‍ വാര്‍ഡില്‍ വൈദ്യുതി ലഭ്യമാക്കണമെന്ന് കെ.എസ്.ഇ.ബി അസി.എഞ്ചിനിയറോട് എം.എല്‍.എ  ആവശ്യപ്പെട്ടു. ഇരിങ്ങപ്പുറം സബ് സെന്‍റര്‍ നിര്‍മ്മാണം സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. നാഷണല്‍ ഹൈവേ വികസനത്തിന്‍റെ ഭാഗമായി പൊളിച്ച് നീക്കം ചെയ്ത ഒരുമനയൂര്‍ സബ്സെന്‍റര്‍ നിര്‍മ്മാണത്തിനാവശ്യമായ തുക ഹെല്‍ത്ത് ഗ്രാന്‍റില്‍ നിന്നും വകയിരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബജറ്റില്‍ 2 കോടി രൂപ അനുവദിച്ച പൂക്കോട് കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ പൂക്കോട് മെഡിക്കല്‍ ഓഫീസറോട് എം.എല്‍.എ ആവശ്യപ്പെട്ടു. 

   ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു.

ചാവക്കാട് നഗരസഭ ചെയര്‍മാന്‍ ഷീജപ്രശാന്ത്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നഫീസക്കുട്ടി വലിയകത്ത്,  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിന്ദു സുരേഷ്, ജാസ്മിന്‍ ഷഹീര്‍, വിജിത സന്തോഷ്, ഡോ. നിര്‍മ്മല്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഷാജ് കുമാര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments