Monday, December 16, 2024

പുന്നയൂർ പഞ്ചായത്തിനെതിരെ യു.ഡി.എഫ് അപവാദ പ്രചരണങ്ങൾ നടത്തുന്നതായി എൽ.ഡി.എഫ്; നാളെ വികസന മുന്നേറ്റ യാത്ര സംഘടിപ്പിക്കും

പുന്നയൂർക്കുളം: പുന്നയൂർ പഞ്ചായത്തിൽ  എൽ.ഡി.എഫ് നേതൃത്വം നൽകുന്ന ഭരണത്തിന് കീഴിൽ അതിവേഗം നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നതിൽ വിറളി പൂണ്ട യു.ഡി.എഫ് അപവാദ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എൽ.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇതിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ വികസന മുന്നേറ്റ യാത്ര നടത്തുമെന്ന് ഭാരവാഹികൾ പുന്നയൂർക്കുളത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 9.30ന് എടക്കരയിൽ നിന്ന് വികസന മുന്നേറ്റ യാത്ര ആരംഭിക്കും. സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസൻ ജാഥ ഉദ്ഘാടനം ചെയ്യും.  നിരവധി സ്ഥലങ്ങളിൽ പര്യടനത്തിനുശേഷം വൈകിട്ട് 6.30ന് അകലാട് മുഹിയദ്ദീൻ പള്ളി പടിഞ്ഞാറ് ഭാസ്കരൻ പീടിക പരിസരത്ത് ജാഥ സമാപിക്കും. എൻ.കെ അക്ബർ എം.എൽ.എ അടക്കം എൽ.ഡി.എഫ് നേതാക്കൾ സമാപനത്തിൽ പങ്കെടുക്കും. കഴിഞ്ഞ നാലുവർഷം കാലയളവിൽ സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്ന് നേതാക്കൾ അവകാശപ്പെട്ടു. എന്നാൽ ഇതിനെതിരെ യാതൊരു വസ്തുതകളും ഇല്ലാതെ അപവാദ പ്രചാരണങ്ങളാണ് യു.ഡി.എഫ് നടത്തുന്നത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ലിസ്റ്റിലുള്ള മുഴുവൻ ആളുകൾക്കും ലൈഫ് ഭവന പദ്ധതി പ്രകാരം വീട് കൊടുക്കുന്ന ചാവക്കാട് പഞ്ചായത്തിലെ ആദ്യത്തെ പഞ്ചായത്താണ് എന്ന അഭിമാനകരമായ നേട്ടമാണ് പുന്നയൂർ പഞ്ചായത്ത് നേടിയിരിക്കുന്നത്. 200 വീടുകൾ നിലവിൽ നൽകി കഴിഞ്ഞു. ലിസ്റ്റിലുള്ള 306 പേർക്കും വീട് ഈ ഭരണസമിതിയുടെ കാലാവധിക്കുളിൽ നൽകും. ആരോഗ്യ മേഖലകളിലും വളരെ മാറ്റങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുകോടി രൂപ ചിലവിൽ മന്നലാംകുന്ന് സബ് സെന്ററും ആയുർവേദ സെന്ററും നവീകരിച്ചു കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലകളിൽ നാളിതുവരെ പുന്നയൂർ കാണാത്ത തരത്തിലുള്ള ഇടപെടലുകളാണ് ഉണ്ടായിട്ടുള്ളത്. എടക്കഴിയൂരിലെ ജി എൽ പി സ്കൂൾ മന്നലാംകുന്ന് ജിഎഫ് യു പി സ്കൂൾ, പുന്നയൂർ ജി എൽ പി സ്കൂൾ, കുരഞ്ഞിയൂരു സ്കൂൾ, എന്നിവയുടെ നവീകരണം, 33 അംഗൻവാടികളിൽ പത്തെണ്ണം ശീതീകരണ സംവിധാനത്തോടുകൂടി നവീകരിക്കപ്പെട്ടു. പശ്ചാത്തല മേഖലയിലും തെരുവ് വിളക്കുകളും എല്ലായിടത്തും പ്രകാശിക്കുന്ന രീതിയിൽ സമ്പൂർണ്ണ വൈദ്യുതീകരണത്തിന് പുന്നയൂർ പഞ്ചായത്ത് ഒരുങ്ങിക്കഴിഞ്ഞു. കാർഷിക മേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിക്കുന്ന ജില്ലയിലെ ഏക പഞ്ചായത്ത് ആണ് പുന്നയൂർ. 1,4,11,14 വാർഡുകളിൽ കുടിവെള്ള പദ്ധതികൾ പൂർത്തീകരിച്ച് വിതരണം ആരംഭിച്ചു. കുടിവെള്ളക്ഷാമം നേരിടുന്ന 2,7,9 വാർഡുകളിൽ അടുത്തുതന്നെ കുടിവെള്ള പദ്ധതി പൂർത്തിയാക്കും. മത്സ്യ മേഖലയിൽ പഞ്ചായത്തുമായി സഹകരിച്ച് 6.5 കോടി രൂപ ചിലവിൽ മത്സ്യ ഗ്രാമം പ്രാവർത്തികമാക്കുവാനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ട്. കായിക മേഖലയിലും വളരെ ബൃഹത്തായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  ഒരു ഓപ്പൺ ജിമ്മും വനിതകൾക്കായി രണ്ട് ജിമ് സെന്ററുകളുമാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ക്ലീൻ പുന്നയൂർ ജില്ലയിൽ മാതൃക പ്രവർത്തനമാണ് കാഴ്ചവച്ച് മുന്നേറുന്നത്. ഒരു കോടി രൂപ ചിലവിൽ നല്ല രീതിയിൽ കളിക്കളം നിർമ്മിച്ച് കൊണ്ടിരിക്കുന്നുണ്ട്. പുന്നയൂർ പഞ്ചായത്ത് നിവാസികളുടെ എക്കാലത്തെയും സ്വപ്നമായ വാതക സ്മശാനം അതിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇത്തരത്തിൽ നിരവധി വികസന മുന്നേറ്റങ്ങൾ നടന്നുകൊണ്ടിരിക്കെ ജനങ്ങളെ ആശയ കുഴപ്പത്തിലേക്കുന്ന രീതിയിലുള്ള സമീപനമാണ് യു ഡി എഫ് നടത്തി കൊണ്ടിരിക്കുന്നത്. ഇത് തുറന്നു കാട്ടുന്നതിന്റെ ഭാഗമായാണ് വികസന മുന്നേറ്റ യാത്ര സംഘടിപ്പിച്ചിട്ടുള്ളതെന്ന് നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കൺവീനർ വി സമീർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ വിജയൻ, നേതാക്കളായ പി.വി ജാബിർ, സി ഷറഫുദ്ദീൻ, കെ.ബി ഫസലുദ്ദീൻ, എം.എ വഹാബ്, കെ.എ സ്വാലിഹ്‌ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments