ചാവക്കാട്: ചാവക്കാട് ടൗണിൽ നടപ്പിലാക്കിയ വൺവേ ട്രാഫിക് പരിഷ്കാരത്തിനെതിരെ നൽകിയ കേസ് ചിലവ് സഹിതം തള്ളി ചാവക്കാട് മുൻസിഫ് കോടതി. ചാവക്കാട് ടൗണിലെ ഓട്ടോ ഡ്രൈവർമാരും പൊതുപ്രവർത്തകരുമായ ഒരുമനയൂർ ചുള്ളിപ്പറമ്പിൽ കൃഷ്ണൻകുട്ടി മകൻ ചന്ദ്രൻ, പാലയൂർ വെങ്കണ്ണി പറമ്പിൽ ചിത്തരഞ്ജൻ എന്നിവരാണ് വൺവേ ട്രാഫിക് പരിഷ്കാരത്തിനെതിരെ കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തത്. ജില്ലാ കളക്ടർ, ചാവക്കാട് സി.ഐ, എസ്.ഐ, ചാവക്കാട് നഗരസഭ സെക്രട്ടറി, ഗുരുവായൂർ ജോയിൻറ് ആർ.ടി.ഒ എന്നിവരെ എതിർകക്ഷികളാക്കി 2016ലാണ് ചാവക്കാട് മുൻസിപ്പൽ കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തത്. കേസിലെ സാക്ഷിമൊഴികളും, വിശദമായ വാദവും കേട്ട കോടതി ട്രാഫിക് പരിഷ്കാരം ഇന്ധന നഷ്ടവും സമയനഷ്ടവും വ്യാപാര നഷ്ടവുമാണെന്ന വാദം അംഗീകരിച്ചില്ല. ഹർജിക്കാരുടെ വാദം നിലനിൽക്കുന്നതല്ലെന്നും കേരള പോലീസ് ആക്ട് പ്രകാരം ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്ക് പട്ടണങ്ങളിൽ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കാൻ അധികാരം ഉണ്ടെന്നും പരാതിയിൽ പൊതു താൽപര്യമില്ലെന്നും എതിർകക്ഷികൾക്ക് കേസ് നടത്താൻ ചിലവായ സംഖ്യ പരാതിക്കാർ തന്നെ നൽകണമെന്ന വ്യവസ്ഥയോടെയുമാണ് ഹർജി തള്ളിയത്.
2016 സെപ്റ്റംബർ ഏഴ് മുതലാണ് ചാവക്കാട് ടൗണിൽ വൺവേ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കിയത്. സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരവും ആ കാലത്തെ ചാവക്കാട് മുൻസിപ്പാലിറ്റി കൗൺസിലിന്റെ തീരുമാനപ്രകാരവും അന്നത്തെ നഗരസഭാ ചെയർമാൻ അദ്ധ്യക്ഷനായും, തഹസിൽദാരും, ചാവക്കാട് സി.ഐയും മുനിസിപ്പൽ എൻജിനീയറും പി.ഡബ്ല്യു.ഡി എൻജിനിയറും ഉൾപ്പെടുന്ന ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയാണ് ബസ് ഉടമകൾ, ബസ് തൊഴിലാളി യൂണിയൻ, ഓട്ടോ ലൈറ്റ് മോട്ടോഴ്സ് തൊഴിലാളി യൂണിയൻ, ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ, വ്യാപാരി വ്യവസായി അസോസിയേഷൻ എന്നിവരുമായി ചർച്ച ചെയ്ത് ചാവക്കാട് ടൗണിൽ വൺവേ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കി തുടങ്ങിയത്. എന്നാൽ ഈ പരിഷ്കാരം ഇന്ധന നഷ്ടവും സമയ നഷ്ടവും വ്യാപാര നഷ്ടവുമാണെന്നും ഈ പരിഷ്കാരം റദ്ദ് ചെയ്യണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. ചാവക്കാട് പോലീസിന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ആൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ രജിത്കുമാർ, അഡ്വ. കെ.കെ സിന്ധു എന്നിവർ ഹാജരായി.
ചാവക്കാട് പേരകത്ത് കടന്നൽ ആക്രമണം