Friday, January 24, 2025

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുനെ കോടതി റിമാന്‍ഡ് ചെയ്തു. നമ്പള്ളി കോടതിയാണ് നടനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ഇതേസമയം, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ നല്‍കിയ ഹര്‍ജി തെലങ്കാന ഹൈക്കോടതി വെള്ളിയാഴ്ച വൈകിട്ട് പരിഗണിക്കുകയാണ്. ഇതില്‍ ഹൈക്കോടതി വിധി അനുസരിച്ചാകും നടനെ ജയിലിലേക്ക് മാറ്റണോ എന്നകാര്യത്തില്‍ കോടതി അന്തിമതീരുമാനമെടുക്കുക.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം ചിക്ടപള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും അച്ഛന്‍ അല്ലു അരവിന്ദും സ്റ്റേഷനിലെത്തിയിരുന്നു. നിര്‍മാതാവ് ദില്‍ രാജുവും സ്റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനില്‍വെച്ച് നടന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം ഗാന്ധി ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്.

തിയേറ്ററിലെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ ദിവസങ്ങള്‍ക്ക് മുമ്പാണ് പോലീസ് കേസെടുത്തത്. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്. ഇതില്‍ രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് അല്ലു അര്‍ജുനെവെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തി തെലങ്കാന പോലീസ് സംഘം നടനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടപടികള്‍ക്കിടെ ഏറെ വൈകാരികമായരംഗങ്ങളും അരങ്ങേറി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അറസ്റ്റിനായി പോലീസ് സംഘം വീട്ടിലെത്തിയസമയത്ത് അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഭാര്യ അല്ലു സ്‌നേഹ റെഡ്ഡി, സഹോദരന്‍ അല്ലു സിരിഷ്, അച്ഛന്‍ അല്ലു അരവിന്ദ് എന്നിവരും സംഭവസമയം നടന്റെ കൂടെ വീട്ടിലുണ്ടായിരുന്നു. അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുതീരുന്നത് വരെ പോലീസ് സംഘം കാത്തിരുന്നു. ഇതിനുശേഷമാണ് നടനുമായി പോലീസ് സംഘം സ്റ്റേഷനിലേക്ക് പോയത്.

പോലീസ് സംഘത്തിനൊപ്പം പോകുന്നതിന് മുന്‍പ് ഭാര്യ സ്‌നേഹ റെഡ്ഡിക്ക് അല്ലു അര്‍ജുന്‍ ചുംബനം നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കുടുംബാംഗങ്ങളോട് വിഷമിക്കേണ്ടകാര്യമില്ലെന്നും നടന്‍ പറഞ്ഞു. കാപ്പി കുടിച്ചതിന് പിന്നാലെ ഇനി പോകാം സര്‍ എന്നുപറഞ്ഞാണ് അല്ലു അര്‍ജുന്‍ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം നടന്നുനീങ്ങിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments