Friday, January 24, 2025

അഷ്ടമിവിളക്ക്; ഗുരുവായൂരപ്പൻ സ്വർണക്കോലപ്രഭയിൽ എഴുന്നള്ളി

ഗുരുവായൂർ: അഷ്ടമിവിളക്കായ ഇന്നലെ രാത്രി ഗുരുവായൂരപ്പൻ സ്വർണക്കോലപ്രഭയിൽ എഴുന്നള്ളി. പതിനായിരത്തോളം നെയ്‌ത്തിരികളുടെ പ്രകാശം തെളിഞ്ഞുനിൽക്കേ, ഒരാന മാത്രമായിട്ടായിരുന്നു എഴുന്നള്ളിപ്പ്. കോടതിവിധിയുടെ പശ്ചാത്തലത്തിൽ, ഗുരുവായൂരിൽ ഇതാദ്യമായാണ് ഏകാദശിയുടെ എഴുന്നള്ളിപ്പിന് ഒരാന മാത്രമാകുന്നത്. അതും സ്വർണക്കോലം എഴുന്നള്ളിക്കുന്ന വിശേഷവിളക്കിന്.

നാലാമത്തെ പ്രദക്ഷിണത്തിന് കൊമ്പൻ ഗോകുലാണ് സ്വർണക്കോലം വഹിച്ചത്. ഗുരുവായൂരിലെ പുളിക്കിഴെ വാരിയത്ത് കുടുംബം വകയായിരുന്നു അഷ്ടമിവിളക്ക്. കാഴ്‌ചശ്ശീവേലിക്ക്‌ മേളം ഗുരുവായൂർ ശശിമാരാർ നയിച്ചു. സന്ധ്യയ്ക്ക് സദനം അശ്വിൻ മുരളിയുടെ തായമ്പകയുണ്ടായി.

ഇന്ന് പ്രാധാന്യമേറിയ നവമിവിളക്കാണ്. ഗുരുവായൂരിലെ കൊളാടി കുടുംബം വകയുള്ള വിളക്കാഘോഷം ഡോ. കൊളാടി ജയകൃഷ്ണന്റെ പേരിലാണ്. ഉച്ചയ്ക്കു ഗുരുവായൂരപ്പന് നമസ്‌കാരസദ്യ നടത്തുന്നുവെന്നതാണ് കൊളാടി വിളക്കിന്റെ വിശേഷത. ഉച്ചതിരിഞ്ഞ് കാഴ്‌ചശ്ശീവേലിക്കു ഗുരുവായൂർ ശശിമാരാരുടെ മേളമാണ്. രാത്രി വിളക്കെഴുന്നള്ളിപ്പിന് കൊമ്പൻ വിഷ്ണു സ്വർണക്കോലമേറ്റും.

ചൊവ്വാഴ്‌ച ദശമിവിളക്ക് ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ വകയാണ്. ദശമിദിവസം വെളുപ്പിന് നട തുറന്നാൽ ബുധനാഴ്ച ഏകാദശിയും കഴിഞ്ഞ് പിറ്റേന്ന് ദ്വാദശിക്ക്‌ രാവിലെവരെ പൂജകൾക്കല്ലാതെ അടയ്ക്കില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments