Wednesday, January 22, 2025

ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനത്തില്‍ ഇടപെടാനാവില്ല; ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികമാസത്തിലെ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ മാറ്റിയതിനെതിരെ തന്ത്രി കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ക്ഷേത്ര ഭരണസമിതിയുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജ മാറ്റാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കുടുംബമാണ് ഹര്‍ജി നല്‍കിയത്. തിരക്ക് കണക്കിലെടുത്തും ശ്രീകോവില്‍ അടച്ചിടാതെ ദര്‍ശനം സുഗമമാക്കാനുമാണ് ഏകാദശി ഉദയാസ്തമന പൂജ നവംബര്‍ 12-ന് നടത്തിയതെന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിലപാട്. വൃശ്ചികമാസത്തിലെ ഏകാദശിക്ക് വലിയ ഭക്തജനത്തിരക്കാണ്. ഉദയാസ്തമന പൂജയ്ക്കായി അഞ്ച് മണിക്കൂളോളം സമയം നഷ്ടപ്പെടുമെന്നതിനാലാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ദേവസ്വം വ്യക്തമാക്കി.
ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഉദയാസ്തമന പൂജ വഴിപാട് മാത്രമാണെന്നും ആചാരമല്ലെന്നും തന്ത്രി അഭിപ്രായപ്പെട്ടിരുന്നുവെന്നും ചൂണ്ടിക്കാട്ടി ദേവസ്വം സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments