ആലപ്പുഴ: വാഹനാപകടത്തില്‍ അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ജീവന്‍ പൊലിഞ്ഞതിന്റെ ഞെട്ടല്‍ മാറാതെ ബന്ധുക്കളും നാട്ടുകാരും സഹപാഠികളും. ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരാണ് കഴിഞ്ഞദിവസം ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.
കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറുവിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.