ഗുരുവായൂർ: ആസ്വാദകർക്ക് നാട്ട രാഗത്തിൻ്റെ വൈവിധ്യഭംഗി പകർന്ന് ജയശ്രീ രാജീവിൻ്റെ കച്ചേരി. ചെമ്പൈ സംഗീതോത്സവത്തിൻ്റെ മൂന്നാം ദിവസത്തെ ആദ്യ വിശേഷാൽ കച്ചേരിയായിരുന്നു ജയശ്രീ രാജീവിൻ്റേത്. അംബ ആനന്ദദായിനി എന്ന ഡോ. എം ബാലമുരളി കൃഷ്ണ രചിച്ച വർണ്ണം ആലപിച്ചാണ് ജയശ്രീ രാജീവ് കച്ചേരി തുടങ്ങിയത്. തുടർന്ന് ശ്രീ വിഘ്നരാജം ഭജേ.. എന്ന് തുടങ്ങുന്ന ഗണപതി സ്തുതി ആലപിച്ചു. പിന്നീട് മുത്തു ദീക്ഷിതർ രചിച്ച മഹാഗണപതിം… എന്ന സ്തുതി നാട്ട രാഗത്തിൽ ആദിതാളമായി പാടി. ഏദയാഗതി എന്ന കീർത്തനം ചലനാട്ട രാഗത്തിൽ ആദിതാളത്തിൽ ആലപിച്ചു. ഊത്തുക്കാട് വെങ്കിട കവി രചിച്ച കലിംഗനർത്തന തില്ലാന ഗംഭീര നാട്ട രാഗത്തിൽ ആലപിച്ച് ആസ്വാദകരെ ആനന്ദത്തിലാക്കിയാണ് കച്ചേരി അവസാനിപ്പിച്ചത്. ജയശ്രീ രാജീവിൻ്റെ വിശേഷാൽ കച്ചേരിക്ക് മാഞ്ഞൂർ രഞ്ചിത്ത് വയലിനിലുംചേർത്തല ജി കൃഷ്ണകുമാർ മൃദംഗത്തിലും തൃപ്പൂണിത്തുറ കണ്ണൻ ഘടത്തിലും വെള്ളിനേഴി രമേഷ് മുഖർശങ്കിലും പക്കമേളമൊരുക്കി. ജയശ്രീ രാജീവിനും സഹപ്രവർത്തകർക്കും ദേവസ്വത്തിൻ്റെ ഉപഹാരം ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ് എന്നിവർ ചേർന്ന് നൽകി.