കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന യുവാവ് കേരളം വിട്ടതായി പോലീസിന്റെ സംശയം. തൃശൂർ തിരുവില്വാമല സ്വദേശി സനൂഫ് ആണ് കേരളത്തില്‍നിന്ന് കടന്നുകളഞ്ഞതായി പോലീസ് സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന് പ്രതിക്കായി അയല്‍സംസ്ഥാനങ്ങളിലേക്ക് പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. ഇയാള്‍ക്കായി വാണ്ടഡ് നോട്ടീസും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.
എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഇന്നാണ് പോലീസ് സ്ഥിരീകരിച്ചത്. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജ് ജീവനക്കാര്‍ ഇന്നലെ രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. പിന്നീട് പണം എടുക്കാനെന്നുപറഞ്ഞ് ഇയാള്‍ ലോഡ്ജില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സനൂഫ് ലോഡ്ജില്‍ നല്‍കിയ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാള്‍ വന്ന കാര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചൊവ്വാഴ്ച രാത്രി കണ്ടെത്തിയിരുന്നു. സനൂഫിന്റെ പേരില്‍ ഫസീല നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം.
രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫ് ലോഡ്ജില്‍ നല്‍കിയ മേല്‍വിലാസത്തിലല്ല അയാള്‍ താമസിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം