ഗുരുവായൂർ: ഗുരുവായൂർ ഏകാദശി നാളിലെ ഉദയാസ്തമനപൂജ മാറ്റിയതിൽ ആചാരലംഘനമില്ലെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ പറഞ്ഞു. ഏകാദശിയോടനുബന്ധിച്ചു വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദയാസ്തമന പൂജ ആചാരമല്ല’ അതുകൊണ്ടു തന്നെ അതു മാറ്റിയത് ആചാരലംഘനവുമല്ല. ഉദയാസ്തമന പൂജകൾ നേരത്തെയും ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഗുരുവായൂർ ഏകാദശി നാളിൽ മണിക്കൂറോളം ദർശനവരിയിൽ കാത്ത് നിന്ന് ഭഗവത് ദർശനം സാധ്യമാകാതെ മടങ്ങിപ്പോയ ഭക്തരുടെ വികാരം കണക്കിലെടുത്താണ് ഏകാദശി നാളിലെ ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വം തീരുമാനിച്ചത്. ഇതിന് ക്ഷേത്രം തന്ത്രി വ്യക്തിപരമായി ദേവഹിതം നോക്കിയതുമാണ്. അതിൽ ചെയർമാനും ഭരണസമിതിയംഗങ്ങളും പങ്കെടുത്തു എന്നതും ശരിയാണ്. പൂജ മാറ്റാം എന്ന ദേവപ്രശ്നത്തിൽ കണ്ടതിനെ തുടർന്ന് തന്ത്രി അനുവാദം നൽകിയതിനു ശേഷമാണ് ഭരണസമിതി തീരുമാനമെടുത്തത്. ആചാരലംഘനത്തെ കുറിച്ച് പറയുന്ന ആരും തന്നെ ദർശനം ലഭിക്കാത്ത സാധാരണ ഭക്തരുടെ സങ്കടം മനസ്സിലാക്കാത്തവരാണ്. കാരണം അവർ പലരും വി.ഐ.പി ദർശനം നടത്തി പോകുന്നവരാണെന്നുംഅദ്ദേഹം പറഞ്ഞു. തന്നെ മാത്രമല്ല ക്ഷേത്രം തന്ത്രിക്കുനേരെയും ആക്ഷേപം തുടരുകയാണ്. ഇതിൻ്റെ പേരിൽ തന്ത്രിക്ക് സദ്ബുദ്ധി ഉണ്ടാകാൻ ഭക്തർ വീടുകളിൽ ദീപം തെളിയിക്കണമെന്നു പോലും പറഞ്ഞു. തന്ത്രിയെ അപമാനിച്ചത് ഹീനമായ പ്രവർത്തിയാണ്. ആചാരം ലംഘിക്കണമെന്നോ ആരുടെയെങ്കിലും മനസ്സ് വിഷമിപ്പിക്കണമെന്നോ ദേവസ്വം വിചാരിച്ചിട്ടില്ല. ഭക്തരുടെ സൗകര്യമാണ്
ദേവസ്വം ചിന്തിച്ചത്. ഭക്തജനോപകാര പ്രവർത്തനങ്ങൾ നടത്താൻ ദേവസ്വം ഭരണ സമിതി ഒറ്റക്കെട്ടായി തന്നെ പ്രവർത്തിക്കുമെന്നും ചെയർമാൻ സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു. കൂടാതെ ഗുരുവായൂർ ക്ഷേത്രത്തിലെ കളഭം ദേവസ്വത്തിലെ ആനകൾക്ക് ചാർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, വി.ജി രവീന്ദ്രൻ, കെ.പി വിശ്വനാഥൻ അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
തൃപ്രയാർ ഏകാദശി – 2024 – വീഡിയോ