Friday, November 22, 2024

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു, രണ്ടായിപിളര്‍ന്നു; പൈലറ്റ് മരിച്ചു

കരിപ്പുർ: കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു. ലാൻഡിങ്ങിനിടെയാണ് അപകടം. വിമാനം രണ്ടായി പിളർന്നു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. 190 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

യാത്രക്കാരിൽ 174 മുതിർന്നവരും 10 പേർ കുട്ടികളുമായിരുന്നു. വിമാനത്തിൽ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. റൺവേയിൽ നിന്നും താഴേക്ക് വീണതെന്നാണു ലഭ്യമായ വിവരം. പൈലറ്റ് മരിച്ചതായാണു ഇപ്പോൾ കിട്ടുന്ന വിവരം. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽനിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം. വിമാനത്തിന്റെ മുൻഭാഗം തകർന്നു.

ഉയരമുള്ള സ്ഥലത്തേക്ക് കെട്ടിപ്പൊക്കിയതാണ് വിമാനത്താവളം. ഇടതുവശത്തേക്ക് തെന്നിമാറിയ വിമാനം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആംബുലൻസുകളും അഗ്നിരക്ഷാസേനാ വാഹനങ്ങളും എത്തുന്നുണ്ട്. വിമാനം ലാൻഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. അതിനാൽത്തന്നെ അപകടത്തിന്റെ വ്യാപ്തി ശക്തമായി.

കോഴിക്കോട് ജില്ലാ കലക്ടർ എസ്.സാംബശിവ റാവു കരിപ്പൂരിലേക്ക് തിരിച്ചു. മംഗലാപുരം വിമാനത്താവളത്തിനു സമാനമായി ടേബിൾ ടോപ് രീതിയിലാണ് കരിപ്പൂരിലെയും നിർമാണം. അതിനാൽത്തന്നെ പലയിടത്തും താഴ്ചയേറിയ ഭാഗങ്ങളുണ്ട്. മംഗലാപുരത്തും സമാന രീതിയില്‍ ആഴത്തിലേക്കു വീണാണ് വിമാനം തകർന്ന് അപകടമുണ്ടായത്.

രക്ഷാപ്രവർത്തനം തുടരുന്നു. വാഹനമുള്ള സമീപവാസികൾ രക്ഷാപ്രവർത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുത് എന്നും നിർദേശം. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. പരുക്കേറ്റ യാത്രക്കാരെ കൊണ്ടോട്ടി ആശുപത്രികളിലേക്കു മാറ്റി.

േടബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു ആദ്യ നിഗമനം. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജില്ലയിലെ 32 108 ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിനായി വിമാനത്താവളത്തിലേക്ക് വിന്യസിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments