Friday, November 15, 2024

ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിലും ഇടതുതരം​ഗം; അനുര കുമാര ദിസനായകയുടെ NPP വൻ വിജയത്തിലേക്ക്

കൊളംബോ: ശ്രീലങ്കയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ(എൻ.പി.പി.) സഖ്യം വലിയ വിജയത്തിലേക്ക്. 225 അംഗ പാർലമെന്റിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 107 സീറ്റുകള്‍ ദിസനായകയുടെ പാര്‍ട്ടി ഇതിനോടകം നേടിക്കഴിഞ്ഞു. അന്തിമഫലം വരുമ്പോള്‍ 150 ലേറെ സീറ്റുകള്‍ എന്‍.പി.പിക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലേക്ക് ഒതുങ്ങിയ സഖ്യമാണ് ഇത്തവണ വലിയ വിജയത്തിലേക്ക് കുതിക്കുന്നത്. 35 സീറ്റുകളിൽ ഇതിനോടകം നാഷണൽ പീപ്പിൾസ് പവർ വിജയം ഉറപ്പിച്ചു.

റനിൽ വിക്രമസിംഗെയുടെ നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തിലെ എസ്.ജെ.ബി 18 ശതമാനം വോട്ടുനേടിയിട്ടുണ്ട്. അതേസമയം, എൻ.ഡി.എഫിന് ലഭിച്ച വോട്ടുകൾ അഞ്ച് ശതമാനത്തിലും താഴെയാണ്. എസ്.ജെ.ബി എട്ട് സീറ്റുകളിലും എൻ.ഡി.എഫ് ഒരു സീറ്റിലും വിജയംനേടി. രാജപക്സെ കുടുംബത്തിന്റെ ശ്രീലങ്കൻ പീപ്പിൾസ് ഫ്രണ്ട് വോട്ടുവിഹിതത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് സീറ്റിൽ അവർ വിജയിച്ചു.

ഇത്തവണ വോട്ടിങ് ശതമാനത്തിൽ വലിയ കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ. 70 ശതമാനത്തിലും താഴെയായിരുന്നു പോളിങ്. സെപ്റ്റംബറിൽ നടന്ന സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 80 ശതമാനംപേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. 2.1 കോടി ജനങ്ങളുടെ ശ്രീലങ്കയിൽ 1.7 കോടിയിലേറെ വോട്ടർമാരുണ്ട്. 13,314 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിരുന്നു.

കഴിഞ്ഞമാസത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ദിസനായകയോടു തോറ്റ റനിൽ വിക്രമസിംഗെ എം.പി. സ്ഥാനത്തേക്കു മത്സരിക്കുന്നില്ല. 1977-നുശേഷം ആദ്യമായാണ് വിക്രമസിംഗെ മത്സരത്തിൽനിന്നു വിട്ടുനിൽക്കുന്നത്. രാജപക്സെ സഹോദരന്മാരും ഇത്തവണ മത്സരത്തിനില്ല.
196 അംഗങ്ങളെയാണ് നേരിട്ടുതിരഞ്ഞെടുക്കുന്നത്. ബാക്കി 29 പേരെ പാർട്ടികൾ നേടിയ വോട്ടിന് ആനുപാതികമായി വീതിച്ചുനൽകും. അഞ്ചുവർഷമാണ് പാർലമെന്റിന്റെ കാലാവധി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments