Friday, November 15, 2024

തളിക്കുളം ഹാഷിദ കൊലക്കേസ്: പ്രതിയായ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി; വിധി നാളെ

ഇരിങ്ങാലക്കുട: ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകളായ ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഭർത്താവ് കാട്ടൂർ വില്ലേജ് പണിക്കർമൂല ദേശത്ത് മംഗലത്തറ വീട്ടിൽ മുഹമ്മദ് ആസിഫ് അസീസ്(30) കുറ്റക്കാരനാണെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് വിനോദ് കുമാർ കണ്ടെത്തിയത്. വിധി നാളെ പ്രസ്താവിക്കും. 2022 ആഗസ്‌റ്റ് 20 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നേ ദിവസം വൈകുന്നേരം ആറരയോടെ നൂറുദ്ദീൻ വീട്ടിൽ വെച്ച് ഹാഷിദയുമായി വഴക്കുണ്ടാവുകയും രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 18 ദിവസം മാത്രമായിട്ടുള്ള ഹാഷിദയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. തടയാൻ ചെന്ന ഹാഷിദയുടെ പിതാവായ നൂറുദ്ദീനെയും ഇയാൾ തലക്ക് വെട്ടി പരിക്കേൽപ്പിച്ചു. മാതാവിനെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു. വെട്ടേറ്റ് തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആഗസ്റ്റ് 21ന് വൈകീട്ട് നാലു മണിയോടെയാണ് ഹാഷിദ മരണപ്പെട്ടത്. തുടർന്ന് വലപ്പാട് പോലീസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെ.എസ്. സുശാന്ത് കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം നടത്തി. പിന്നീട് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആയിരുന്ന എൻ.എസ്. സലീഷ് അന്വേഷണം ഏറ്റെടുക്കുകയും പ്രതിയെ അറസ്‌റ്റ് ചെയ്ത് അന്വേഷണം പൂർത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 58 സാക്ഷികളെ വിസ്‌തരിക്കുകയും, 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്‌തു. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജോജി ജോർജ്ജ്, അഡ്വക്കെറ്റുമാരായ പി.എ. ജെയിംസ്, എബിൻ ഗോപുരൻ, അൽജോ പി ആൻറണി, ടി.ജി. സൗമ്യ എന്നിവർ ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments