തൃശൂർ: വനംവകുപ്പിന് കീഴിൽ പീച്ചി വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ കുട്ടവഞ്ചി സവാരിക്ക് തുടക്കം. കുട്ടവഞ്ചിയിൽ സഞ്ചരിച്ച് മന്ത്രി കെ രാജൻ സവാരി ഉദ്‌ഘാടനം ചെയ്‌തു. പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ഡാമിനുള്ളിലുടെയുള്ള യാത്ര അവിസ്‌മരണീയമാണെന്ന് മന്ത്രി പറഞ്ഞു. കുട്ടവഞ്ചി ടൂറിസം ആരംഭിക്കുന്നതോടെ പീച്ചിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പീച്ചി വനത്തിൽ ശീതൾ ഭാഗത്ത് നിന്നും ആരംഭിച്ച് വള്ളിക്കയം വരെ വനയാത്രയും തുടർന്ന് വള്ളിക്കയത്ത് കുട്ടവഞ്ചി സവാരിയുമാണ് ഒരുക്കിയിട്ടുള്ളത്. 400 രൂപയാണ് കുട്ടവഞ്ചിയാത്രയുടെ നിരക്ക്. 20 മിനിറ്റായിരിക്കും യാത്ര. ഒരേസമയം നാലുപേർക്ക് സഞ്ചരിക്കാൻ കഴിയും. ലൈഫ് ജാക്കറ്റും വിദഗ്ധരായ തുഴച്ചിലുകാരും കുട്ടവഞ്ചിയിൽ ഉണ്ടാവും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അധ്യക്ഷനായി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ കെ.കെ രമേഷ്, വാർഡ് മെമ്പർമാരായ സ്വപ്‌ന രാധാകൃഷ്‌ണൻ, ബാബു തോമസ്, സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ ഡോ. ആർ. ആടലരസൻ, കെഇആർഐ ഡയറക്ടർ കെ. ബാലശങ്കർ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ വി.ജി അനിൽകുമാർ, അസി. കൺസർവേറ്റർ സുമു സ്‌കറിയ എന്നിവർ സംസാരിച്ചു.