വടക്കാഞ്ചേരി: ചെറുതുരുത്തിയിൽ നിന്നും പിടികൂടിയത് സി.പി.എമ്മിന്റെ പണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ അനില്‍ അക്കര പറഞ്ഞു. സി.പി.എമ്മിനു വേണ്ടി ചെറുതുരുത്തിയില്‍ എത്തിച്ച പണമാണിത്. ഇതിനു പിന്നില്‍ നേരിട്ട് ഇടപെടുന്ന പ്രധാനപ്പെട്ടയാള്‍ ഷൊർണൂർ നഗരസഭാ ചെയർമാൻ എം.ആര്‍ മുരളിയാണ്. തനിക്ക് ലഭിച്ച രഹസ്യവിവരമാണ് ഇതെന്നും അനില്‍ അക്കര മാധ്യമങ്ങളോട് പറഞ്ഞു. പണം കൊണ്ടു വന്നത് ചേലക്കരയിലെ പട്ടികജാതി കോളനികളില്‍ വിതരണം ചെയ്യാനാണ്. കരുവന്നൂര്‍ കേസിലെ പ്രതികളുടെ ഉറ്റ ചങ്ങാതിയാണ് പിടിയിലായ ജയന്‍. ചേലക്കരയിലെ കോളനികളില്‍ സി.പി.എം പണവും മദ്യവും ഒഴുക്കുകയാണ്. ചെറുതുരുത്തിയിലെ ജ്യോതി എഞ്ചിനീയറിങ് കോളജിനോട് ചേര്‍ന്ന് ഒരു മന്ത്രിയുടെ സുഹൃത്ത് താമസിക്കുന്നുണ്ട്. അവിടെയാണ് സി.പി.എമ്മിന്റെ ഫണ്ട് മുഴുവന്‍ ശേഖരിക്കുന്നത്. അവിടെ നിന്നാണ് പണം വിതരണം ചെയ്യുന്നതെന്നും അനില്‍ അക്കര പറഞ്ഞു. വീട് നിര്‍മ്മാണത്തിന് ടൈല്‍സ് വാങ്ങാനാണ് പണമെന്നാണ് പിടിയിലായ ജയന്‍ പൊലീസിനോട് പറഞ്ഞത്. താന്‍ അന്വേഷിച്ചപ്പോള്‍ ജയന്‍ പണിയുന്നത് 2500 സ്‌ക്വയര്‍ഫീറ്റുള്ള വീടാണ്. ഇതിന് 25 ലക്ഷം രൂപയുടെ ടൈല്‍സ് ആവശ്യമുണ്ടോയെന്ന് അനില്‍ അക്കര ചോദിച്ചു. സി.പി.എം ഭരിക്കുന്ന സഹകരണ സംഘങ്ങളാണ് കോളനികളില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ മറവിലാണ് സി.പി.എം പണം നല്‍കുന്നതെന്നും അനില്‍ അക്കര ആരോപിച്ചു. സി.സി ശ്രീകുമാറും അനിൽ അക്കരക്കൊപ്പം ഒപ്പമുണ്ടായിരുന്നു.