ചാവക്കാട്: തകർന്ന് കിടക്കുന്ന പുന്ന-പുതിയറ റോഡ്, വഞ്ചിക്കടവ് റോഡ്, ചാവക്കാട് പോലീസ് സ്റ്റേഷന് പുറകിലൂടെയുള്ള റോഡ് തുടങ്ങിയ റോഡുകളുടെ അറ്റകുറ്റപ്പണ്ണി ഉടൻ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന് നിവേദനം നൽകി. നിരവധി രോഗികളും കാൽനടയാത്രക്കാരും ഓട്ടോറിക്ഷയും ഉൾപ്പെടെയുള്ള വാഹനങ്ങളും രോഗികളുമായി എളുപ്പത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്താൻ ഉപയോഗിക്കുന്ന പോലീസ് സ്റ്റേഷന്റെ പുറകിലൂടെയുള്ള റോഡും ചാവക്കാട് ടൗണിൽ വൺവേ സംവിധാനം നിലവിൽ വന്നപ്പോൾ ചെറുതും വലുതുമായ വാഹനങ്ങൾ ഉപയോഗിക്കുന്ന വഞ്ചി കടവ് റോഡും നിരവധി വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ഉപയോഗിക്കുന്ന പുന്ന -പുതിയ റോഡും കാലങ്ങളായി തകർന്നു കിടക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഈ റോഡുകളിലൂടെയുള്ള യാത്ര വളരെ ദുർഘടവും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതുമായ സാഹചര്യമാണ് നിലവിൽ ഉള്ളത്. ഭീമമായ സംഖ്യയാണ് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് റിപ്പയറിങ് നടത്തുവാൻ ചിലവഴിക്കേണ്ടിവരുന്നതെന്നും തൊഴിലാളികൾ പറഞ്ഞു. ഓട്ടോ ഡ്രൈവർ സഹായ സംഘം പ്രസിഡന്റ് എം.എസ് ശിവദാസ്, സെക്രട്ടറി എ.കെ അലി, ട്രഷറർ വി.കെ ഷാജഹാൻ, വൈസ് പ്രസിഡന്റ്മാരായ കെ.എസ് ബിജു, കെ.കെ വേണു, ജോയിന്റ് സെക്രട്ടറിമാരായ എൻ ബാബു, ഉണ്ണികൃഷ്ണൻ, എ.എൻ മനോജ്, എൻ.എ ഗണേശൻ, എ.എ വിജീഷ്, കെ.എ സതീശൻ, എൻ.വി ഷാജി എന്നിവർ നേതൃത്വം നൽകി.