കൊച്ചി: വീടിന്റെ മുന്നിൽനിന്ന സ്ത്രീയുടെ ഫോട്ടോയെടുത്തതിനെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയതായി കാണാനാകില്ലെന്ന് ഹൈക്കോടതി. സ്വകാര്യദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തിയെന്ന കുറ്റംചുമത്തിയത് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളം പറവൂർ സ്വദേശി നൽകിയ ഹർജി ഭാഗികമായി അനുവദിച്ചുകൊണ്ടാണ് ഉത്തരവ്.
പരാതിക്കാരി വീടിനുമുൻപിൽ നിൽക്കുമ്പോൾ കാറിലെത്തിയ ഹർജിക്കാരനും കൂട്ടാളിയുംകൂടി യുവതിയുടെ ഫോട്ടോയെടുത്തെന്നായിരുന്നു ആരോപണം. ഇത് ചോദ്യംചെയ്തപ്പോൾ ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ആംഗ്യങ്ങൾ കാണിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയുംചെയ്തു. ഇത് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന പ്രവൃത്തിയാണെന്നാണ് പ്രോസിക്യൂഷൻ കേസ്.
എന്നാൽ പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ നിൽക്കുമ്പോൾ സ്ത്രീയുടെ ഫോട്ടോയെടുത്തതിനെ സ്വക്യാര്യദൃശ്യങ്ങൾ പകർത്തിയതായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളുടെയോ സ്വകാര്യപ്രവൃത്തിയുടെയോ ചിത്രമെടുക്കുന്നതാണ് കുറ്റകരമാകുന്നത്. അതിനാൽ ഇക്കാര്യത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 354-സി പ്രകാരം ചുമത്തിയ കുറ്റം നിലനിൽക്കില്ല.
എന്നാൽ, ലൈംഗികച്ചുവയോടെ സംസാരിച്ചതിന് പ്രതിയുടെപേരിൽ ചുമത്തിയ കുറ്റം നിലനിൽക്കുമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ നടപടി തുടരാൻ പ്രോസിക്യൂഷന് അനുമതിയും നൽകി.