Thursday, November 21, 2024

ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്ത്; കുപ്രസിദ്ധ ലഹരിസംഘം പിടിയിൽ

തൃശൂർ: ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന്  വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്ന കുപ്രസിദ്ധ ലഹരിസംഘത്തെ പാലിയേക്കരയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. മിന്നൽ മുരളിയുടെ സെറ്റ് അടിച്ചു തകർത്ത കൊലക്കേസ് പ്രതിയടക്കം മൂന്നുപേരെയാണ് ചാലക്കുടി ഡി.വൈ.എസ്.പിയുടെ സ്ക്വാഡും പുതുക്കാട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് പത്ത് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. കുപ്രസിദ്ധ ഗുണ്ട ആലപ്പുഴ സ്വദേശി വലിയകത്ത് വടക്കേതിൽ വീട്ടിൽ മൻസൂർ എന്ന രാജേഷ്(38), പുതുക്കാട് കണ്ണംമ്പത്തൂർ സ്വദേശി കരുവന്നൂക്കാരൻ വീട്ടിൽ സുവിൻ (29), വരന്തരപ്പിള്ളി കുട്ടൻചിറ സ്വദേശി മനക്കുളങ്ങരപറമ്പിൽ മുനീർ എന്നിവരാണ് അറസ്റ്റിലായത്. പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് പ്രതികൾക്കായി ഡാൻസാഫ് സംഘം ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്തുവെച്ചാണ് സിമൻ്റ് ലോറിയിൽ വരികയായിരുന്ന പ്രതികളെ പോലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് കഞ്ചാവുമായി വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം തകരാറിലായതിനെ തുടർന്ന് ഭൂരിഭാഗം കഞ്ചാവും തമിഴ്‌നാട്ടിൽ വിറ്റഴിച്ച ശേഷം സുഹൃത്തിൻ്റെ ലോറിയിൽ നാട്ടിലേക്ക് വരികയായിരുന്നു. ആലുവ മണപ്പുറത്ത് മിന്നൽ മുരളി സിനിമയുടെ സെറ്റ് അടിച്ചുതകർത്ത കേസിലും, തൃശൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയ കേസിലും ഉൾപ്പടെ 28 ഓളം കേസുകളിൽ പ്രതിയാണ് മൻസൂർ എന്ന രാജേഷ്. സുവിനും മുനീറും ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ കേസുകളിൽ പ്രതികളാണ്. ചാലക്കുടി ഡിവൈഎസ്പി കെ സുമേഷ്, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം ഉല്ലാസ് കുമാർ, പുതുക്കാട് എസ്.എച്ച്.ഒ വി സജീഷ് കുമാർ, എസ്.ഐ എൻ പ്രദീപ്,ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡംഗങ്ങളായ വി.ജി സ്റ്റീഫൻ, കെ ജയകൃഷ്ണൻ, സി.ആർ പ്രദീപ്കുമാർ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, സൂരജ് വി ദേവ്, ലിജു ഇയ്യാനി, എ.യു റെജി, എം.ജെ ബിനു, സി.കെ ബിജു, ഷിജോ തോമസ്, പി.എക്സ്. സോണി, കെ.ജെ ഷിൻ്റോ, എ.ബി. നിഷാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments