Tuesday, November 12, 2024

‘സമയമാകുന്നു; ശിക്ഷാനേരം അടുത്തെത്തി’: ഇറാൻ തിരിച്ചടിക്കൊരുങ്ങുന്നു ?

ടെഹ്റാൻ: ഇസ്രയേലിനെതിരെ ആക്രമണത്തിന് ഒരുങ്ങിയെന്ന സൂചനയുമായി ഇറാൻ. ‘സമയമാകുന്നു’ എന്ന കുറിപ്പോടെ എക്സിൽ ഇറാൻ സൈന്യം പങ്കുവച്ച പോസ്റ്റിലാണ് ആക്രമണ സൂചനയുള്ളത്. ‘ട്രൂ പ്രോമിസ് 3’ എന്ന ഹാഷ്ടാഗിനൊപ്പമാണു പോസ്റ്റ്. ഉച്ചയ്ക്ക് 1.53ന് പങ്കുവച്ച 25 സെക്കന്റുള്ള വിഡിയോ ട്വീറ്റാണു ചർച്ചയാകുന്നത്.
ക്ലോക്കിന്റെ സെക്കന്റ് സൂചിയുടെ ശബ്ദവും ദൃശ്യവുമാണു വിഡിയോയിൽ ആദ്യം കാണുക. ലോഞ്ച് ചെയ്യാൻ തയാറായിരിക്കുന്ന മിസൈലിന്റെ ദൃശ്യങ്ങളാണ് അടുത്തതായി കാണിക്കുന്നത്. ശേഷം, ‘ശിക്ഷാനേരം അടുത്തെത്തി’ എന്ന് ഇംഗ്ലിഷിലും പേർഷ്യൻ ഭാഷയിലും എഴുതി കാണിക്കുന്നുമുണ്ട്.  ‘ദൈവത്തിന്റെ അവസാന ന്യായവിധി അടുത്തു’ എന്ന മറ്റൊരു പോസ്റ്റും ചിത്രവും തൊട്ടുപിന്നാലെയും പങ്കുവച്ചിട്ടുണ്ട്.

‘ഓപ്പറേഷൻ ട്രൂ പ്രോമിസ്’ പോലുള്ള പ്രത്യാക്രമണങ്ങൾ നടത്താൻ ഇറാനു കഴിവുണ്ടെന്നു പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നാസിർസാദെ പറഞ്ഞിരുന്നു. ഇസ്രയേൽ കടന്നുകയറിയ പലസ്തീനിയൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഏപ്രിലിൽ ഇറാൻ നടത്തിയ ആക്രമണമാണ് ‘ഓപ്പറേഷൻ ട്രൂ പ്രോമിസ്’. ഇതു പരാമർശിച്ചാണ് ഇറാൻ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. ഇറാനു വളരെയേറെ പ്രതിരോധശേഷിയുണ്ടെന്നു പാർലമെന്റിന്റെ ദേശീയ സുരക്ഷാ– വിദേശകാര്യ സമിതി വക്താവ് ഇബ്രാഹിം റെസായ് പറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ദമാസ്കസിലെ ഇറാനിയൻ നയതന്ത്ര കേന്ദ്രങ്ങൾക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പ്രതികാരമായി 300ലേറെ മിസൈലുകളും ഡ്രോണുകളുമാണ് ഇറാൻ പ്രയോഗിച്ചത്. ഒക്ടോബർ ആദ്യം, ‘ഓപ്പറേഷൻ ട്രൂ പ്രോമിസ്2’ന്റെ ഭാഗമായി ഇസ്രയേലിന്റെ സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങളിലേക്ക് ഇറാൻ 200 മിസൈലുകൾ വിക്ഷേപിച്ചിരുന്നു. വിക്ഷേപിച്ച മിസൈലുകളിൽ 90 ശതമാനവും ലക്ഷ്യത്തിലെത്തിയെന്നു നാസിർസാദെ പറഞ്ഞതായി റെസായ് പറഞ്ഞു. എന്നാൽ ഔദ്യോഗികമായി ഇക്കാര്യങ്ങൾ ഇറാൻ വെളിപ്പെടുത്തിയിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments