തൃശൂർ: നിയമാനുസൃതമായ അനുമതയില്ലാതെ പണമിടപാട് സ്ഥാപനം നടത്തിയ കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിലായി. നിരവധി കേസുകളിൽ പ്രതിയായ ഒല്ലൂർ പെരുവാംകുളങ്ങര സ്വദേശി ജിത്തുമോൻ എന്ന ജിജിനെയാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോർപ്പറേഷൻ ലൈസൻസോ, മണിലെൻറിങ്ങ് ലൈസൻസോ ഇല്ലാതെ ഉയർന്ന പലിശ നിരക്കിൽ ആണ് സ്ഥാപനം പണം നൽകിയിരുന്നത്. ധനകാര്യ സ്ഥാപനത്തിന് പണം നൽകിയിരുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്ന ആളാണ് അറസ്റ്റിലായ ജിത്തുമോൻ. നേരത്തെ ഈ കേസിൽ നാലുപേർ അറസ്റ്റിൽ ആയിരുന്നു. സ്ഥാപനത്തിൻെറ ഉടമസ്ഥരായ കണിമംഗലം വർക്കേഴ്സ് നഗർ സ്വദേശി സജീന്ദ്രൻ , കുപ്രസിദ്ധ ഗുണ്ടയായ മാറ്റാമ്പുറം സ്വദേശി കടവി രഞ്ജിത്ത് എന്നിവരും, കൂട്ടാളികളായ കൂർക്കഞ്ചേരി കണ്ണംകുളങ്ങര സ്വദേശി വിവേക് , മാറ്റാംപുറം സ്വദേശി അർഷാദ് എന്നിവരെയാണ് ഈ കേസിൽ നേരത്തേ അറസ്റ്റ് ചെയ്തത്. പ്രസ്തുത സ്ഥാപനത്തിൻ്റെ ഉൽഘാടന ചടങ്ങിൽ ജിജിത്ത് ഉൾപ്പെടയുള്ളവരുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതായിരുന്നു ഇയാളെ കുറിച്ചുള്ള അന്വേഷണത്തിലേക്കും അറസ്റ്റിലേക്കും നയിച്ചത്. സ്ഥാപനത്തിൽ നിന്ന് പലർക്കുമായി പണം നൽകിയതിൻ്റെയും വാങ്ങിയതിൻ്റെയും രേഖകൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ അറസ്റ്റിലായ ജിത്തു മോന് നെടുപുഴ പോലീസ് സ്റ്റേഷനിൽ ഏഴുകേസുകളും, ഒല്ലൂർ സ്റ്റേഷനിൽ 18 കേസുകളും, വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു കേസും, വരന്തരപ്പിള്ളി സ്റ്റേഷനിൽ ഒരു കേസും, മണ്ണുത്തി സ്റ്റേഷനിൽ ഒരു കേസും ഉള്ളതായി പോലീസ് അറിയിച്ചു.