Monday, November 18, 2024

ബസ്സിൽ സ്ഥിരമായി മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ പിടിയിൽ

തൃശൂർ: ബസ്സിൽ സ്ഥിരമായി മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ കൊടകര പോലീസിന്റെ പിടിയിലായി. പ്രതികൾ പേരും വിലാസവും മാറ്റി മാറ്റി പറയുന്നതിനാൽ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥിരമായി ബസുകളിൽ കറങ്ങി നടന്ന് സ്ത്രീ യാത്രക്കാരുടെ ബാഗിൽ നിന്ന് പേഴ്സും പണവും കവരുന്നതാണ് ഇവരുടെ രീതി. നിലവിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ച് നല്ല രീതിയിൽ വസ്ത്രം ധരിച്ച് ദിവസവും ബസ്സുകളിൽ കറങ്ങിനടന്ന് തിക്കും തിരക്കും ഉണ്ടാക്കി ഞൊടിയിടയിൽ ബാഗിന്റെ സിബ് തുറന്നു മോഷണം നടത്തിക്കഴിഞ്ഞ് ഉടനടി അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയാണ് പതിവ്. ചെട്ടിച്ചാൽ സ്വദേശിനിയുടെ ബാഗിൽ നിന്ന് 35,000 രൂപ കവർന്ന പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി യുവതികളെ അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ അവരുടെ യാത്രാ വഴികളിലൂടെ സഞ്ചരിച്ച് ഫോട്ടോകളും മറ്റും ശേഖരിച്ചും, തുടർന്ന് ഇതിൽ ഒരു സ്ത്രീ സ്ഥിരമായി ബേക്കറികളിലും സൂപ്പർ മാർക്കറ്റിലും കയറി വെള്ളവും ഭക്ഷണവും വാങ്ങുന്ന പതിവ് ഉണ്ടെന്ന് മനസ്സിലാക്കി ഇവരുടെ ദൃശ്യങ്ങൾ ഇവർ വരാൻ സാധ്യതയുള്ള പല കടകളിലും ബേക്കറികളിലും കാണിച്ചാണ് ഇവരെ കൊടകര ടൗൺ ബസ് സ്റ്റോപ്പിൽ നിന്ന് പിടികൂടിയത്. തുടർന്ന് ചിറ്റിലപ്പള്ളി സ്വദേശിനിയുടെയും തൃശ്ശൂരിലെ ഒരു കോൺവെന്റിലെ അന്തേവാസിയായ ഒരു സിസ്റ്ററുടെയും പരാതികളിൽമേൽ വേറെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കല്ലമ്പലം സ്റ്റേഷനിൽ രണ്ട് കേസുകളും കൊട്ടാരക്കര സ്റ്റേഷനിൽ വേറൊരു കേസും ഉള്ളതായി പോലീസ് പറഞ്ഞു. ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷിന്റെ മേൽനോട്ടത്തിൽ കൊടകര ഇൻസ്പെക്ടർ പി. കെ. ദാസ്, എസ്ഐ സുരേഷ്, എഎസ്ഐ ബൈജു, ആഷ്ലിൻ, ഷീബ, അനിത, ബേബി, ലിജോൺ, ജെന്നി, സഹദേവൻ, സനൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments