അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഗുജറാത്തില്‍നിന്ന് പുറത്തുവരുന്നത്. വ്യാജന്‍മാര്‍ പലവിധമുണ്ടെങ്കിലും ഇത്തവണ ഒരു വ്യാജ കോടതി തന്നെയാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അഹമ്മദാബാദിലാണ് സംഭവം. യഥാര്‍ഥ കോടതിയുടേതിന് സമാനമായ കാര്യങ്ങളാണ് ഇവിടെ നടന്നിരുന്നത്. ജഡ്ജിയും ഗുമസ്തന്‍മാരും പരിചാരകരുമെല്ലാം ഈ കോടതിയിലുണ്ടായിരുന്നു. ഭൂമിത്തര്‍ക്ക കേസുകളാണ് ഇവിടെ തീര്‍പ്പാക്കിയിരുന്നത്. സംഭവത്തില്‍ മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.
ഇയാളായിരുന്നു ഈ കോടതിയിലെ ജഡ്ജി. ഇയാളുടെ ഗാന്ധി നഗറിലെ ഓഫീസാണ് കോടതിയാക്കി മാറ്റിയത്. നഗരത്തിലെ സിവില്‍ കോടതികളില്‍ തീര്‍പ്പാകാതെ കിടന്നിരുന്ന ഭൂമിത്തര്‍ക്ക കേസുകളിലെ കക്ഷികളെ ബന്ധപ്പെട്ടായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ കോടതി നിയോഗിച്ച ഔദ്യോഗിക മധ്യസ്ഥനാണെന്ന് വ്യാജേനയാണ് തട്ടിപ്പുസംഘം കക്ഷികളെ ബന്ധപ്പെട്ടിരുന്നത്.
ഇത്തരം കേസുകള്‍ അനുകൂലമായി തീര്‍പ്പാക്കാമെന്ന് പറഞ്ഞ് പണം ഈടാക്കുന്നതായിരുന്നു ഇവരുടെ രീതി. ശേഷം കേസുകള്‍ അനുകൂലമായി പരിഹരിച്ചതായി വ്യാജ ഉത്തരവ് ഇറങ്ങും. ഇതിനായി വന്‍ തുക ഈടാക്കുകയും ചെയ്യും. നടപടിക്രമങ്ങള്‍ വിശ്വസനീയത ഉണ്ടാക്കാനായി ഇയാളുടെ കൂട്ടാളികളോ സുഹൃത്തുക്കളോ കോടതി ജീവനക്കാരായി വേഷം കെട്ടുന്നതും പതിവായിരുന്നു. അഞ്ച് വര്‍ഷത്തോളമായി ഈ തട്ടിപ്പ് തുടരുന്നതായാണ് വിവരം. ജില്ല കളക്ടര്‍ക്ക് വരെ നിര്‍ദേശം നല്‍കുന്ന വ്യാജ ഉത്തരവുകള്‍ ഇവിടെനിന്ന് പുറപ്പെടുവിച്ചിരുന്നു.
വ്യാജകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് അഹമ്മദാബാദ് സിറ്റി സിവില്‍ കോടതി രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ആള്‍മാറാട്ടം, വ്യാജരേഖയുണ്ടാക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയിരിക്കുന്നത്. നിലവില്‍ പത്തിലധികം വ്യാജ ഉത്തരവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.