തൃശൂർ: മുത്രത്തിക്കര സ്വദേശിയില്‍ നിന്ന് സൈബര്‍ തട്ടിപ്പിലൂടെ മുക്കാൽ കോടി തട്ടിയെടുത്ത സംഘാംഗങ്ങള്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഹദല്‍, കൊണ്ടോട്ടി സ്വദേശി നജിമുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ആലുവയിൽ നിന്നാണ് പുതുക്കാട് പോലീസ് പ്രതികളെ പിടികൂടിയത്. വാട്‌സ് ആപ്പ് വഴി പരിചയപ്പെട്ട് ട്രേഡിംഗ് ആപ്പ് വഴി പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സെപ്തംബര്‍ 5 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ബാങ്ക് അക്കൗണ്ട് വഴിയാണ് സംഘം പണം തട്ടിയത്. തട്ടിപ്പിനിരയായ വ്യക്തിയുടെ പരാതിയിലാണ് പുതുക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ ഐ.പി.എസ്, ചാലക്കുടി ഡിവൈഎസ്പി, പുതുക്കാട് എസ്.എച്ച്.ഒ വി സജീഷ് കുമാര്‍, എസ്.ഐ പ്രദീപ്, ലാലു, എസ്.സി.പി.ഓമാരായ രജനീശന്‍, ദീപക്, സി.പി.ഓമാരായ കിഷോര്‍, നവീന്‍, ബേസില്‍ ഡേവിഡ് എന്നിവര്‍ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. തട്ടിപ്പിനു പിന്നിലെ മറ്റു പ്രതികളെ പിടികൂടാനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.