ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ശുദ്ധമായ കുടിവെള്ളം നൽകാനുള്ള പുതിയ ആർ.ഒ പ്ലാൻ്റ് ഗുരുവായൂരിൽ പ്രവർത്തനം തുടങ്ങി. മണിക്കൂറിൽ അയ്യായിരം ലിറ്റർ കുടിവെള്ളം നൽകാനാവുന്ന പ്ലാൻ്റിൻ്റെ സമർപ്പണം ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ നിർവ്വഹിച്ചു. ഇന്നു രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു സമർപ്പണം. ക്ഷേത്രം തീർത്ഥക്കുളത്തിന് സമീപത്തെ പുതിയ ആർ.ഒ പ്ലാൻ്റിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ.പി വിശ്വനാഥൻ, വി.ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
പൂർണമായും ആട്ടോമേറ്റഡ് സംവിധാനത്തിലാണ് പുതിയ ആർ.ഒ പ്ലാൻ്റ് പ്രവർത്തനം. ഉയർന്ന നിലവാരമുള്ള സ്റ്റീൽ ടാങ്കും വാൽവുമാണ് ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറിൽ ഫിൽട്ടർ ചെയ്ത 5000 ലിറ്റർ ശുദ്ധജലം വിതരണം ചെയ്യാനാകും. പ്രതിദിനം 25000 ലിറ്റർ കുടിവെള്ളം ഭക്തർക്കായി നൽകാനാകും. പതിനായിരം ലിറ്റർ ജലം ശേഖരിച്ച് ഇതിൽ 5000 ലിറ്റർ ശുദ്ധീകരിച്ച് നേരിട്ട് മിനറൽ വാട്ടറായി വാഹന ടാങ്കിൽസൂക്ഷിച്ച് ഭക്തർക്ക് നൽകാനാകും. നിലവിൽ ക്ഷേത്രത്തിലെ പ്ലാൻ്റിൽ നിന്നായിരുന്നു കുടിവെള്ളം നൽകിയിരുന്നത്. ദേവസ്വം ഇലക്ട്രിക്കൽ,മ രാമത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 15 ലക്ഷം രൂപ ദേവസ്വം ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി സാധ്യമാക്കിയത്. ആലുങ്കൽ ട്രേഡിങ്ങ് കമ്പനി, ആലുവയാണ് കരാർ പ്രവൃത്തി നടപ്പാക്കിയിരിക്കുന്നത്.