ഗ്വാളിയോർ: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ അനായാസ ജയം. 128 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 11.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം പിടിക്കുകയായിരുന്നു. ഓപണർമാരായെത്തിയ സഞ്ജു സാംസണും അഭിഷേക് വർമയും ചേർന്ന് തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. എന്നാൽ, രണ്ട് ഓവറിൽ 25 റൺസ് ചേർത്ത സഖ്യം അഭിഷേക് ശർമയുടെ (ഏഴ് പന്തിൽ 16) റണ്ണൗട്ടിൽ അവസാനിച്ചു. തൗഹീദ് ഹൃദോയിയുടെ നേരിട്ടുള്ള ഏറിലായിരുന്നു മടക്കം.
തുടർന്നെത്തിയ സൂര്യകുമാർ യാദവും അടിയുടെ മൂഡിലായിരുന്നു. 14 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 29 റൺസെടുത്ത താരത്തെ മുസ്തഫിസുർ റഹ്മാന്റെ പന്തിൽ ജേകർ അലി പിടികൂടുകയായിരുന്നു. 19 പന്തിൽ ആറ് ഫോറടക്കം 29 റൺസിലെത്തിയ സഞ്ജുവിനെ മെഹ്ദി ഹസൻ മിറാസിന്റെ പന്തിൽ റിഷാദ് ഹുസൈനും പിടികൂടി. കൂറ്റനടികളിലൂടെ ഹാർദിക് പാണ്ഡ്യയും (16 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 39), അരങ്ങേറ്റത്തിനിറങ്ങിയ നിതീഷ് കുമാർ റെഡ്ഡിയും (15 പന്തിൽ 16) ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ആതിഥേയരെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.