ഗുരുവായൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് സേവ് ഗുരുവായൂർ മിഷൻ പ്രസിഡൻ്റും നടനുമായ ശിവജി ഗുരുവായൂരും, ജനറൽ സെക്രട്ടറി അജു എം ജോണി അനുഷ്ഠിക്കുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടു ദിവസം പിന്നിട്ടു. ഗുരുവായൂരിലെ തെരുവോരങ്ങളിൽ നിരാലംബരായി കഴിയുന്ന തൊഴിലാളികൾക്ക് ചുരുങ്ങിയ ചിലവിൽ താമസ സൗകര്യം ലഭ്യമാക്കുക, തെരുവുകളിൽ കഴിയുന്ന ഭക്തജനങ്ങൾക്ക് ഗുരുവായൂർ ദേവസ്വം പ്രത്യേക വിശ്രമകേന്ദ്രം ഒരുക്കുക, സാമൂഹിക വിരുദ്ധരായി ഗുരുവായൂരിലെ തെരുവോരങ്ങളിൽ പ്രവർത്തിക്കുന്നവരെ പുനരധിവാസത്തിന് ഗുരുവായൂർ നഗരസഭ അടിയന്തര നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചത്. മേൽപ്പാല പരിസരത്തുനിന്ന് പ്രകടനമായാണ് സത്യഗ്രഹികളെ സമരപന്തലിലേക്ക് ആനയിച്ചത്. ശ്രീജൻ വത്സൻ, ബാലൻ വാറണാട്ട് ,പോളി ഫ്രാൻസിസ്, ഇ.ആർ ജവഹർ, പി.എസ് സുനിൽ, അസ്ക്കർ കൊളംബോ എന്നിവർ സംസാരിച്ചു.