Saturday, October 5, 2024

പോലീസുകാരൻ അഖിൽ വിഷ്ണു ഡോ. റാം മോഹന് കണ്ടെത്തി നൽകി; 40 വർഷത്തെ ജീവിതം!

തൃശൂർ: സെപ്റ്റംബർ 25. തൃശൂർ സാഹിത്യഅക്കാദമിയിലേക്ക് ഒരു ആവശ്യത്തിനുവേണ്ടി വന്നതായിരുന്നു ഇന്ത്യയിലെ പല യൂണിവേഴ്സിറ്റിയിലും അധ്യാപകനും ഗവേഷകനുമായ കണ്ണൂർ സ്വദേശി ഡോ. കെ.ടി റാം മോഹൻ. തൃശൂരിലെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷമാണ് റാം മോഹന് ഒരു കാര്യം ഓർമ്മ വന്നത്. തൻ്റെ കൈയിലുണ്ടായാരുന്ന പൗച്ച് കാണാനില്ല. 40 വർഷങ്ങളിലായി ഇന്ത്യയിലെ വ്യത്യസ്ത ലൈബ്രറികളിൽ നിന്നും ആർക്കൈവുകളിൽ നിന്നും ശേഖരിച്ച രേഖകളും തൻെറ ഗവേഷണങ്ങളും അടങ്ങിയ അഞ്ചോളം പെൻഡ്രൈവുകൾ സൂക്ഷിച്ചതായിരുന്നു ആ പൗച്ച്. പൗച്ചിലാണ് തൻ്റെ ജീവിതം എന്ന് കരുതിയിരുന്ന റാം മോഹൻ അസ്വസ്ഥനായി. വിവരമറിഞ്ഞ് നിരവധി പേർ ചുറ്റും കൂടി. ഏറ്റവും അവസാനം പോയ അപ്പൻതമ്പുരാൻ സ്മാരകത്തിൽ കൂടി അന്വേഷിക്കൂ എന്ന് കൂടി നിന്നവർ പറഞ്ഞു. അതോടെ പൗച്ച് അന്വേഷിച്ച് തമ്പുരാൻ സ്മാരകത്തിലെത്തി. നിരാശയായിരുന്നു ഫലം. ആ ദിവസം മുഴുവൻ തൃശൂർ നഗരത്തിൽ തൻ്റെ പൗച്ചിനായി റാം മോഹൻ തെരഞ്ഞലഞ്ഞു. രക്ഷയില്ല. ഒടുവിൽ തൃശൂർ വെസ്റ്റ്  പോലീസ് സ്റ്റേഷനിലെത്തി. വിവരം ചോദിച്ചറിഞ്ഞ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെ്കടർ ലാൽകുമാർ,  ഉടൻതന്നെ അന്വേഷിക്കാമെന്നും എല്ലാം തിരിച്ചുകിട്ടുമെന്നും ധൈര്യമായിരിക്കൂവെന്നും പറഞ്ഞു റാമോഹനെ ആശ്വസിപ്പിച്ചു. പോലീസിന്റെ ഉറപ്പിൽ റാംമോഹൻ തൃശൂരിൽ നിന്നും കണ്ണൂരിലേക്ക് മടങ്ങി.

ഇൻസ്പെക്ടർ പരാതി അന്വേഷിക്കാനായി നൽകിയത് സ്റ്റേഷനിൽ പുതിയതായി ചാർജ്ജ് എടുത്ത സിവിൽ പോലീസ് ഓഫീസർ അഖിൽ വിഷ്ണുവിനെയായിരുന്നു. വിലപെട്ട വിവരങ്ങളുടെ ഗൗരവം പൂർണ്ണമായും മനസ്സിലാക്കിയ അഖിൽ വിഷ്ണു ഉണ്ടായ സംഭവമെല്ലാം വിശദമായി ചോദിച്ചറിഞ്ഞു. പിന്നെ അന്വേഷണം തുടങ്ങി. റാം മേഹൻ തൃശൂരിൽ ഇറങ്ങിയ സ്ഥലം മുതലുള്ള നിരവധി സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു. അവസാനം, റാം മോഹൻ ഹോട്ടലിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്ന ദൃശ്യം ലഭിച്ചു. ഓട്ടോറിക്ഷയിൽ പതിച്ചു കണ്ട പ്രത്യേക ചിഹ്നത്തിൽ ഓട്ടോറിക്ഷയെ പെട്ടന്നു കണ്ടുപിടിക്കാനായി. ഡ്രൈവറോട് പൗച്ച് കാണാതായ വിവരം പറഞ്ഞു. കുട്ടികളുടെ കളർപെൻസിലുകൾ മറന്നു വച്ചതാകുമെന്നുകരുതി തുറന്നുനോക്കുകപോലും ചെയ്യാതെ വണ്ടിയുടെ പുറകിൽ താൻ ഒരു പൗച്ച് ഓട്ടോറിക്ഷയുടെ പുറകിലിട്ടിട്ടുണ്ടെന്ന് പറഞ്ഞ്  ഡ്രൈവർ ഓട്ടോറിക്ഷയുടെ പുറകിൽ നിന്നും ഒരു പൌച്ച് എടുത്ത് നൽകി. ഉടൻതന്നെ അഖിൽ വിഷ്ണു പൗച്ച് ഏറ്റുവാങ്ങി തുറന്നു നോക്കി. നിറയെ 

പെൻഡ്രൈവുകൾ. ഉടൻതന്നെ ഡോ. റാം മോഹനെ അഖിൽ വിഷ്ണു വിവരം അറിയിച്ചു.  പിന്നെ കാത്തുനിന്നില്ല കണ്ണൂരിൽ നിന്നും തൃശൂരിലെത്തിയ എത്തിയ റാം മോഹൻ സ്റ്റേഷനിലെത്തി.

അഖിൽ വിഷ്ണുവിൻെറ കൈകൾ നിറകണ്ണുകളോടെ മുറുകെ പിടിച്ചു. ഇത് കണ്ടുകിട്ടിയില്ലായിരുന്നെങ്കിൽ താൻ ആകെ തകർന്നുപോയേനെ എന്ന് ഇടറിയ സ്വരത്തിൽ പറഞ്ഞു. നിറഞ്ഞ സന്തോഷത്തോടെ കയ്യിൽ കരുതിയ മധുരമെടുത്ത് അഖിൽ വിഷ്ണുവിന് നൽകി. മധുരം നുണഞ്ഞുകൊണ്ട് അഖിൽ വിഷ്ണു പറഞ്ഞു. സാർ, ഇന്നെൻെറ പിറന്നാളാണ്, ഇതെൻെറ പിറന്നാൾ മധുരമാണ്, മാത്രമല്ല, ഈ സ്റ്റേഷനിൽ എത്തി ഞാൻ അന്വേഷിച്ച ആദ്യ പരാതിയും ഇതാണ്. ഡോ. റാം മോഹൻ അഖിൽ വിഷ്ണുവിനെ ചേർത്തുപിടിച്ചു.  

ഇൻസ്പെക്ടർ ലാൽകുമാർ പൗച്ച് പരിശോധിച്ച് പെൻഡ്രൈവുകളെല്ലാം ഡോക്ടർ റാ മോഹന്റെതാണെന്ന് ഉറപ്പുവരുത്തി. ഇൻസ്പെ്കടർ ലാൽകുമാറും അഖിൽ വിഷ്ണുവും ചേർന്ന് ഡോക്ടർ റാം മോഹന് പെൻഡ്രൈവുകൾ അടങ്ങിയ  പൌച്ച് കൈമാറി. ഒരു ജീവിതം തിരികെ ലഭിച്ച ധന്യതയിൽ ഡോക്ടർ റാം മോഹൻ കണ്ണൂരിലേക്ക് യാത്രയായി. അഖിൽ വിഷ്ണും തിരികെ ഡ്യൂട്ടിയിലേക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments