ഗുരുവായൂർ: അഷ്‌ടമിരോഹിണി മഹോത്സവത്തിലെ കൃഷ്‌ണ-രാധാ-ഗോപിക മാരുടെ നൃത്തച്ചുവടുകൾ തിരുപ്പതി ദേവനു മുന്നിലും. ജന്മാഷ്‌ടമി ദിനത്തിൽ ഗുരുപവനപുരിയെ അമ്പാടിയാക്കുന്ന പ്രശസ്‌തമായ ഉറിയടി, ഗോപികാനൃത്തം, രാധാമാധവനൃത്തം, മയൂരനൃത്തം എന്നിവ തിരുപ്പതി ബ്രഹ്മോത്സവ ആഘോഷത്തിലെ സവിശേഷമായ ഗരുഡസേവാദിനത്തിലാണ് അരങ്ങേറുക. ഇതോടൊപ്പം തിരുവാ തിരകളിയും മോഹിനിയാട്ടവും അവതരിപ്പിക്കും. ഇതിനായി 3 ബസുകളിൽ നൂറ്റിമുപ്പതോളം പേർ ഒക്ടോബർ 5ന് സന്ധ്യക്ക് ഗുരുവായൂരപ്പൻ്റെ ദീപാരാധനക്ക് ശേഷം തിരുപ്പതിയിലേക്ക് പുറപ്പെടും. കേരളത്തെ പ്രതിനിധീകരിച്ച് തിരുപ്പതി ബ്രഹ്മോത്സവത്തിൽ പങ്കെടുക്കുന്ന ഈ സംഘത്തിനുള്ള യാത്ര, താമസം, ദർശനം, ഭക്ഷണം, പരിപാടികളുടെ ഏകോപനം എന്നിവ തിരുപ്പതി ദേവസ്വത്തിനു കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന പാലക്കാട് ശ്രീ ശ്രീനിവാസസേവാ ട്രസ്റ്റാണ് നിർവഹിക്കുന്നത്. ഇതിനുള ഒരുക്കങ്ങൾ ട്രസ്റ്റി അംഗങ്ങളായ കെ.ആർ. ദേവദാസ് (തിരുപ്പതി മഹാദേവയ്യർ), എസ്.കെ മീനാക്ഷി, വിനോദ് ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചുകഴിഞ്ഞു.
ഗോപികാനൃത്തത്തിന് സുനിൽകുമാർ ഒരുമനയൂരും, ഉറിയടിക്ക് ഉത്തര രാജീവും, രാധാമാധവനൃത്തത്തിന് കലാക്ഷേത്ര മീര സുധനും പരിശീലനം നൽകും. ഉറിയടിയിൽ ആർദ്ര എസ് നായർ, കൃഷ്‌ണശ്രീ, ആൻമിഘ, ഗൗരിനന്ദ എന്നിവർ കൃഷ്ണവേഷമണിയുമ്പോൾ മാസ്റ്റർ സായന്താണ് സുദാമാവാകുന്നത്. ഗോപികാനൃത്തത്തിൽ ഇന്ദുബാലയും, രാധാമാധവനൃത്തത്തിൽ അമൃതയും കൃഷ്‌ണന്മാരാവുമ്പോൾ രാധമാരായി വൈഗ എസ് നായരും, അനഘ പി കൃഷ്‌ണകുമാറും വേഷമിടും. ഹരികുമാറിൻ്റെ നേതൃത്വത്തിൽ മയൂരനൃത്തവും, പ്രിയ സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ തിരുവാതിരകളിയും, സിനി ആർട്ടിസ്റ്റ് ചാന്ദ്‌നി ഷൈജുവിൻ്റെ നേതൃത്വത്തിൽ മോഹിനിയാട്ടവും അരങ്ങേറും. നാദസ്വര ത്തിന് സുജേഷ് ഗുരുവായൂരും, മേളത്തിന് കായംകുളം രാജേന്ദ്രനും അമരക്കാരാവും.