Friday, September 20, 2024

ആർത്തലക്കുന്ന കടൽ തടസ്സമായില്ല; തിരകളില്‍പെട്ട് ജീവന് വേണ്ടി പിടഞ്ഞയാൾക്ക് രക്ഷകരായി ഇവർ നാലുപേർ

പുന്നയൂർക്കുളം: കടലില്‍ ജീവന് വേണ്ടി പൊരുതിയ മത്സ്യ തൊഴിലാളിയെ രക്ഷപ്പെടുത്തിയ യുവാക്കൾക്ക് നാടിന്റെ ആദരം. താനൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് വേണ്ടി പുറപ്പെടുകയും  പൊന്നാനിയില്‍ കടലിൽ മറിയുകയും ചെയ്ത വള്ളത്തിലെ ഒരാളെയാണ് മന്ദലാംകുന്ന് സ്വദേശികളായ താഹിര്‍ കിഴക്കൂട്ട് , പാലിയത്ത് അലിക്കുട്ടി , ഷുക്കൂര്‍ പെരുവഴിപുറത്ത് , കബീര്‍ വലിയകത്ത് എന്നിവർ കണ്ടത്. മന്ദലംകുന്ന് ബീച്ചില്‍ മത്സ്യം പിടിക്കുകയായിരുന്ന ഇവർ കടലില്‍ ഒരാൾ ഒഴുകി നടക്കുന്നത് കണ്ടതോടെ മറ്റൊന്നും ഓർത്തില്ല. ആർത്തലക്കുന്ന കടല്‍ തിരകളില്‍പെട്ട് ജീവന് വേണ്ടി പിടയുന്നയാളെ രക്ഷപ്പെടുത്താന്‍ നാലു പേരും കടലിലേക്ക് ചാടി. ഒടുവിൽ കെെകാലുകള്‍ മരവിച്ച് അവശ നിലയിലുള്ള യുവാവിനെ ഇവർ കരയിലെത്തിച്ചു. താനൂർ സ്വദേശി നസീറുദ്ധീനേയാണ് ഇവർ മരണ മുഖത്തു നിന്നും കരക്കെത്തിച്ചത്. ചൊവ്വാഴ്ചയാണ് നാസിറുദ്ദീനും സഹ തൊഴിലാളിയായ സിദ്ദീഖും ചേർന്ന് താനൂരിലേക്ക് പോയത്. ശക്തമായ തിരയിൽപ്പെട്ട് വഞ്ചി മറിയുകയും രണ്ടു പേരും കടലിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. പ്ലാസ്റ്റിക് കാനിൽ പിടിച്ച് ഇരുവരും കര ലക്ഷ്യമാക്കി നീന്തി. ഇടക്ക് സിദ്ദീഖിനെ കാണാതായി. രാത്രി മുഴുവൻ കടലിൽ നീന്തിയ നസീറുദ്ദീൻ പുലർച്ചേയാണ് കരയോടടുത്തത്. ഇതേ സമയത്താണ് കരയുണ്ടായിരുന്നവർ ഒരാൾ കടലിലൊഴുകുന്നത് കണ്ടത്. തുടർന്ന് ഇയാളെ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ രക്ഷിച്ചവർക്ക്  നൽകിയ അനുമോദന ചടങ്ങിൽ കെ.വി അബ്ദുൾഖാദർ എം.എൽ.എ നാലുപേർക്കും ഉപഹാരം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments