Friday, September 20, 2024

ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണ മേളം; നഗരത്തിൽ ഗതാഗത നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രത്തിലാദ്യമായി നാളെ നടക്കുന്നത് 350ൽ അധികം വിവാഹങ്ങള്‍. ഇത് ഇന്നലെവരെയുള്ള കണക്കാണ്. ഗുരുവായൂരില്‍ ഇതാദ്യമാണ് ഒരു ദിവസം ഇത്രയും വിവാഹങ്ങൾ നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.20 വരെയുള്ള കണക്ക് പ്രകാരം, സെപ്റ്റംബർ എട്ടിന് 354 വിവാഹങ്ങളാണ് ശീട്ടാക്കിയിരിക്കുന്നത്.

ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അറിയിച്ചു. 6 മണ്ഡപങ്ങളിലാണ് വിവാഹം നടക്കുക. നിലവിലുള്ള 4 മണ്ഡപങ്ങൾക്ക് പുറമേ രണ്ട് താൽക്കാലിക കല്യാണ മണ്ഡപങ്ങൾ കൂടി സ്ഥാപിച്ചു. 6 മണ്ഡപങ്ങളും ഒരേപോലെ അലങ്കരിക്കും. എല്ലാ മണ്ഡപങ്ങളിലും ചടങ്ങു നടത്താൻ ആചാര്യനായി കോയ്മ ഉണ്ടാകും.

മംഗളവാദ്യത്തിനായി 2 സെറ്റ് നാഗസ്വര സംഘം ഉണ്ടാകും.വിവാഹം പുലർച്ചെ 4 മുതൽ നടക്കും. സാധാരണ പുലർച്ചെ 5 മുതൽ ഉച്ചപ്പൂജ നട അടയ്ക്കുന്നതു വരെയാണ് വിവാഹങ്ങൾ. നാളെ പുലർച്ചെ 4 മുതൽ ചടങ്ങുകൾ ആരംഭിക്കും. ഇതിന് ക്ഷേത്രം തന്ത്രിയുടെ അനുമതി ലഭിച്ചു. മറ്റു സമയങ്ങളിൽ ബുക്ക് ചെയ്തിട്ടുള്ള വിവാഹ സംഘങ്ങൾക്ക് പുലർച്ചെ 4 മുതലുള്ള സമയം ഉപയോഗപ്പെടുത്താം.

ഒരു വിവാഹ സംഘത്തിൽ വരനും വധുവും ബന്ധുക്കളും അടക്കം 20 പേരും 4 ഫോട്ടോഗ്രഫർമാരും അടക്കം 24 പേരെ കല്യാണ മണ്ഡപത്തിൽ അനുവദിക്കും. താലികെട്ട് ചടങ്ങു കഴിഞ്ഞാൽ വിവാഹ സംഘം ദീപസ്തംഭത്തിനു മുന്നിൽ തൊഴുത് തെക്കേനട വഴി മടങ്ങണം. ദർശനം കഴിഞ്ഞാൽ പടിഞ്ഞാറെനട, തെക്കേനട വാതിലുകളിലൂടെ പുറത്തു പോകണം.

ഭഗവതിക്കെട്ടിലൂടെ പുറത്തേക്ക് വിടില്ല. കിഴക്കേ നടയിലും കല്യാണ മണ്ഡപങ്ങളുടെ സമീപവും പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ നടത്താൻ അനുവദിക്കില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments