വാടാനപ്പള്ളി: തീരദേശ മേഖലയിലെ സ്കൂളുകളും തൃശൂർ നഗരത്തിലെ കോളേജുകളിലും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവരുന്ന മൂന്നംഗ സംഘത്തെ 2.5 കിലോഗ്രാം കഞ്ചാവുമായി വാടാനപ്പള്ളി എക്സൈസ് പിടികൂടി. പൊങ്ങണങ്ങാട് സ്വദേശി തീയത്ത് പറമ്പിൽ അനീഷ്, പീച്ചി സ്വദേശി പ്ലാശ്ശേരി വീട്ടിൽ വിഷ്‌ണു, തളിക്കുളം സ്വദേശി കോഴിപ്പറമ്പിൽ വീട്ടിൽ അമൽ എന്നിവരാണ് പിടിയിലായത്. വിപണിയിൽ വലിയ വിലയുള്ള ഒറീസ ഗോൾഡ് എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവാണ് ഓണാഘോഷത്തിന് മാറ്റുകൂട്ടുവാനായി സംഘം കടത്തിക്കൊണ്ടുവന്നത്. മാരുതി സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന സംഘത്തെ അതിസാഹസികമായി പിന്തുടർന്നാണ് എക്സൈസ് പിടികൂടിയത്. തൃശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എന്നിവരുടെ നിർദ്ദേശാനുസരണം
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്‌ടർ വി.ജി സുനിൽകുമാറും പാർട്ടിയും നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് സംഘം വലയിലായത്. ഇൻസ്പക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ ഹരിദാസ്, വിജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, ബാസിൽ, അഭിജിത്ത്, ഡ്രൈവർ രാജേഷ് എന്നിവരും സംഘത്തിലായത്.