Friday, September 20, 2024

ഒമ്പതോളം കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ചാവക്കാട് പോലീസ് നാടുകടത്തി

ചാവക്കാട്: വിവിധ സ്റ്റേഷനുകളിലായി ഒമ്പതോളം കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം പ്രകാരം ഒരു വര്‍ഷത്തേക്ക് നാടു കടത്തി. ചാവക്കാട് മാമ ബസാർ ചക്കംകണ്ടം രാമൻകുളങ്ങര ക്ഷേത്രത്തിനടുത്ത് കരുത്തിൽ ദീപക്കിനെ(28)യാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എ.സി.പി ടി.എസ് സിനോജിൻ്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വി.വി വിമൽ തൃശൂർ ജില്ലയിൽ നിന്നും 1 വര്‍ഷ കാലയളവിൽ നാടു കടത്തിയത്. ചാവക്കാട്, ഗുരുവായൂർ ടെമ്പിൾ, ഗുരുവായൂര്‍, വടക്കേക്കാട്, കുന്ദംകുളം‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി 9ഓളം കേസ്സുകളിലെ പ്രതിയായാണ് ദീപക്ക്. പൂർവ്വകാല കേസ്സുകൾ പരിശോധിച്ചതിൽ ദീപക്ക് കുറ്റകരമായ നരഹത്യാശ്രമം, അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ കഠിന ദേഹോപദ്രവം ഏൽപ്പിക്കുക, സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, കുറ്റകരമായി ഭീഷണിപ്പെടുത്തുക, മുതലുകൾ നശിപ്പിക്കുക, സര്‍ക്കാര്‍ നിയമം മൂലം ഉപയോഗവും വിൽപ്പനയും നിരോധിച്ചതും മനുഷ്യശരീരത്തിന് ഹാനികരമായ കഞ്ചാവ് വിൽപ്പന നടത്തുക തുടങ്ങിയ പൊതുസമാധാനത്തിനും, പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്നതായ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ട് പൊതുസമാധാനത്തിനും, പൊതുസുരക്ഷക്കും കടുത്ത ഭീഷണിയായി തീർന്നിട്ടുളള വ്യക്തിയാണെന്നും ദീപക്കിനെ തൃശ്ശൂർ ജില്ലയിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിച്ചാൽ കൊടും കുറ്റവാളിയായ ദീപക്കിന്റെ ഭാഗത്തു നിന്നും പൊതുസമാധാനത്തിനും, പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുമെന്നതിനാൽ ഇയാളെ ‘അറിയപ്പെടുന്ന റൗഡി’ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് 1 വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയിൽ നിന്ന് നാട് കടത്തിയിട്ടുള്ളത്. ഗുരുവായൂർ സബ് ഡിവിഷനിലെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഈ വര്‍ഷം മാത്രമായി പതിമൂന്നാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്. ദീപക്ക് ഏതെങ്കിലും തരത്തിൽ മേലുത്തരവ് ലംഘിച്ചതായറിഞ്ഞാൽ ചാവക്കാട് പോലീസ് ഇൻസ്പെക്ടറേയോ, സബ്ബ് ഇൻസ്പെക്ടറേയോ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു. തുടർന്നും ഇത്തരത്തിൽ കഞ്ചാവ് – ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ഗുരുവായൂര്‍ എ.സി.പി ടി.എസ് സിനോജ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments