പുന്നയൂർക്കുളം: മലപ്പുറം പുത്തനത്താണിയിലുണ്ടായ വാഹന അപകടത്തിൽ മന്ദലാംകുന്ന് സ്വദേശിയായ യുവാവ് മരിച്ചു. മന്ദലാംകുന്ന് കൂളിയാട്ട് പരേതനായ മൊയതുണ്ണിയുടെ മകൻ ശിഹാബാണ്(42) മരിച്ചത്. ഇലക്ട്രിഷ്യനായ ശിഹാബ് ഭാര്യയുമൊന്നിച്ച് കോട്ടക്കൽ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാനായി ബൈക്കിൽ സഞ്ചരിക്കവേ ഇന്നലെ രാത്രി 8.30ന് പുത്തനത്താണിയിൽ വെച്ചാണ് അപകടത്തിൽ പെട്ടത്. സർവ്വീസ് റോഡിൽ എതിരെ വന്ന റെഡി മിക്സർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഭാര്യ റോഡിൽ തെറിച്ച് വീണെങ്കിലും പരിക്കൊന്നുമില്ലാതെ രക്ഷപെട്ടു. എന്നാൽ വാഹനം ശിഹാബിന്റെ ശരീരത്തിൽ കയറിയിറങ്ങിയതിനെ തുടർന്ന് തൽക്ഷണം മരണപ്പെടുകയായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് മന്ദലാംകുന്ന് ജുമാ മസ്ജിദ് കബർ നടക്കും. ഭാര്യ: ഹൈറുന്നീസ. മക്കൾ: മുസ്ലിഹ്, മുഹ്സിൻ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: നിയാസ്, ഫെബിന.