ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പി.എസ് മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായി. മൈസൂർ സ്വദേശി ഗോപാൽ എസ് പണ്ഡിറ്റാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ ജൂനിയർ വിഷ്ണുവിനെയാണ് നടയിരുത്തിയത്.
ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം അസിസ്റ്റന്റ് മാനേജർ സി.ആർ ലെജുമോൾ, അസിസ്റ്റന്റ് മാനേജർ (ജീവധനം) ഇ സുന്ദര രാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ, കിഴക്കേ കണ്ടിയൂർ പട്ടം വാസുദേവൻ നമ്പീശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാടു നേർന്ന ഗോപാൽ എസ് പണ്ഡിറ്റിൻ്റെ കുടുംബാംഗങ്ങളും ഭക്തരും ചടങ്ങിൽ സന്നിഹിതരായി.