ചാവക്കാട്: ചാവക്കാട് നഗരസഭയുടെ പ്രവർത്തന രഹിതമായ ശ്മശാനം പ്രവർത്തന ക്ഷമമാക്കണമെന്നാവശ്യവുമായി കോൺഗ്രസ് രംഗത്ത്. നഗരസഭ അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണം. ഇതുമൂലം നഗരസഭയിലെ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പുറത്ത് സംസ്കരിക്കേണ്ട ദുരവസ്ഥയിലാണെന്നും ജനങ്ങൾക്ക് ഇത് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്നതായും മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റി യോഗം ആരോപിച്ചു. നഗരസഭാ സ്മശാനം പ്രവർത്തന സജ്ജമാക്കിയില്ലെങ്കിൽ സമരപരിപാടിയുമായി കോൺഗ്രസ് രംഗത്ത് വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ഇസഹാഹ് മണത്തല, പി.ടി ഷൗക്കത്ത് അലി, അഷറഫ് ബ്ലാങ്ങാട്, ഷക്കീർ ഹുസൈൻ, രമേഷ് മടേക്കടവ്, ഷൈല നാസർ, അനിത ശിവൻ, കെ.എൻ സന്തോഷ് എന്നിവർ സംസാരിച്ചു.