ചാവക്കാട്: ചാവക്കാട് നഗരസഭയിൽ രാജ ഭരണമാണെന്ന് പ്രതിപക്ഷ നേതാവ് കെ.വി. സത്താർ. ബുദ്ധിമുട്ടിക്കുന്ന തീരുമാനങ്ങൾ വഴിയോരക്കച്ചവട തൊഴിലാളികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കും. ലൈസൻസുള്ള പാവപ്പെട്ട തെരുവോര കച്ചവടക്കാരെ തുരത്തിയോടിക്കാൻ നഗരസഭ ശ്രമിച്ചാൽ അതിനെ തടഞ്ഞു നിർത്താൻ യുഡിഎഫ് കൗൺസിലർമാർ മുന്നിലുണ്ടാകുമെന്നും കെ.വി സത്താർ പറഞ്ഞു. ലൈസൻസില്ലാത ചെയർപേഴ്സന്റെ സ്വന്തക്കാർ നിരോധിത മേഖലയിൽ പോലും കച്ചവടം ചെയ്യുന്നുണ്ട്. എന്നാൽ ലൈസൻസുള്ള വഴിയോര കച്ചവടക്കാർക്ക് മേൽ ആറ് അടി നീളവും ആറ് അടി വീതിയിലുമുള്ള സ്ഥലം എന്ന നിർബന്ധിത തീരുമാനം അടിച്ചേൽപ്പിക്കുകയാണ്. ടൗൺ വൈറ്റിംഗ് കമ്മിറ്റിയിൽ ഉണ്ടായിരുന്ന തൊഴിലാളികൾ ഈ തീരുമാനത്തെ എതിർത്തിരുന്നു. എന്നാൽ അവരെ ആട്ടിയോടിപ്പിക്കുകയും തുടർന്ന് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയിട്ടും ചെയർപേഴ്സൺ അത് പുന:പരിശോധിച്ചില്ല. നഗരസഭയുടെ ഈ തീരുമാനം തൊഴിലാളികൾക്ക് നേരെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അതിനെതിരെ ശക്തമായി പ്രതിരോധിക്കുമെന്നും സത്താർ പറഞ്ഞു.