വാടാനപ്പള്ളി: ആറ് ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച നാല് കൗമാരക്കാർ വാടാനപ്പള്ളി പോലീസിൻ്റെ പിടിയിൽ. ഇവർ മോഷ്ടിച്ച നാല് ഇരുചക്ര വാഹനങ്ങൾ വാടാനപ്പള്ളി പോലീസും രണ്ട് വാഹനങ്ങൾ അന്തിക്കാട് പോലീസും കസ്റ്റഡിയിലെടുത്തു. വാടാനപ്പള്ളി ബീച്ചിൽ നിന്നും തൃത്തല്ലൂരിൽ നിന്നും ഇരു ചക്ര വാഹനങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മറ്റു മോഷണങ്ങളും തെളിഞ്ഞത്. താക്കോൽ വാഹനത്തിൽ തന്നെ വെച്ച് ഉടമസ്ഥർ പോകുമ്പോഴായിരുന്നു മോഷണങ്ങളെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങൾ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചു സ്റ്റിക്കറുകൾ ഒട്ടിച്ചും മോഷ്ടാക്കൾ തന്നെ ഉപയോഗിക്കുകയായിരുന്നു. താന്ന്യത്ത് നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിച്ച സംഭവത്തിൽ പോലീസ് നടത്തിയ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വാടാനപ്പള്ളി സ്റ്റേഷൻ പരിധിയിലെ രണ്ടും തൃശ്ശൂർ ഈസ്റ്റ്, പാവറട്ടി, വലപ്പാട്, ചേർപ്പ് സ്റ്റേഷൻ പരിധികളിലെ ഓരോ മോഷണവുമാണ് ഇതോടെ തെളിഞ്ഞത്. കൂടുതൽ ഇരുചക്ര വാഹനങ്ങൾ ഇവർ കവർന്നിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പോലീസ്. വാടാനപ്പള്ളി എസ്.എച്ച്.ഒ. ബി.എസ് ബിനു, എസ്ഐമാരായ കെ.ജി സജിൽ, ഷാഫി യൂസഫ്, സദാശിവൻ, റഫീഖ്, സീനിയർ സി.പി.ഒ. അരുൺ, സിപിഒമാരായ പ്രദീപ്‌കുമാർ, വിനീത്, അക്ഷയ് എന്നിവരാണ് മോഷ്ടാക്കളെ പിടികൂടിയത്.