ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറയുടെ കതിർ പൂജ, കൂടുതൽ ഭക്തർക്ക് ദർശിക്കാനാവും വിധം ക്ഷേത്രം കൊടിമരത്തിനും വലിയ ബലിക്കല്ലിനും സമീപം വെച്ച് നിർവ്വഹിക്കാൻ കേരള ഹൈക്കോടതി ഗുരുവായൂർ ദേവസ്വത്തിന് അനുമതി നൽകി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ,ഹരിശങ്കർ മേനോൻ എന്നിവരുൾപ്പെട്ട ദേവസ്വം ഡിവിഷൻ ബഞ്ചിൻ്റേതാണ് ഇടക്കാല ഉത്തരവ്. ക്ഷേത്രം കൊടിമരത്തിനും വലിയ ബലിക്കല്ലിനും സമീപം വെച്ച് ഇല്ലം നിറയുടെ കതിർ പൂജ നിർവ്വഹിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങൾ നൽകിയ ഹർജിയിലെ ആവശ്യമാണ്ഹൈക്കോടതി തള്ളിയത്. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാടുമായി കൂടിയാലോചിച്ചാണ് ദേവസ്വം ഭരണ സമിതി ഇല്ലം നിറയുടെ കതിർ പൂജ കൊടിമരത്തിനും വലിയ ബലിക്കല്ലിനും സമീപത്ത് നടത്താൻ തീരുമാ നിച്ചത്. ഇതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ ഇല്ലം നിറയുടെ കതിർ പൂജ കാണാൻ കൂടുതൽ ഭക്തർക്ക് അവസരം ലഭിക്കും. ദർശനത്തിനായുള്ള ഭക്തരുടെ കാത്തിരിപ്പ് സമയവും കുറയും.